AAK

പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ പിതാവ് മരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍


ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ രണ്ടു കുട്ടികള്‍ക്ക് വിഷം നല്‍കിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്.കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കള്‍ ശിവഗംഗ, ശിവ കീർത്തന എന്നിവർ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് വിഷം നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജ്യൂസിലാണ് പെണ്‍കുട്ടികള്‍ക്ക് അച്ഛൻ വിഷം കലക്കി നല്‍കിയത്. വിഷമാണെന്ന് അറിയാതെയാണ് മക്കള്‍ ജ്യൂസ് കുടിച്ചതെന്നും പൊലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

1 st paragraph

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)