AAK

ടെക്‌സ്‌റ്റൈല്‍ കയറ്റുമതി ചെലവ് 400 ശതമാനം ഉയര്‍ന്നു; ആശങ്ക പെരുകുന്നു

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ മേഖലയെയും ബാധിക്കുന്നു. രാജ്യത്തിന്റെ പ്രധാന വസ്ത്ര നഗരിയായ സൂറത്തിലെ ടെക്‌സ്‌റ്റൈല്‍ മേഖല യുദ്ധം ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. ഷിപ്പിംഗ് ചെലവ് 400% വരെ ഉയര്‍ന്നതും, കയറ്റുമതിയിലൂടെയുള്ള വരുമാനം വൈകുന്നതും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതുമൂലം വ്യവസായ മേഖലയെ ആശങ്കയിലാക്കുന്നു.

1 st paragraph

നിലവില്‍ കയറ്റുമതി ചെയ്ത സാധനങ്ങള്‍ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍ വ്യവസായികള്‍ക്ക് പണം ലഭിക്കുന്നതും വൈകുകയാണ്. മറുവശത്ത് അസംസ്‌കൃത വസ്തുക്കളുടെ വില വേഗത്തില്‍ ഉയരുകയാണ്. ഇത് അന്താരാഷ്ട്ര വിതരണത്തെയും ആഭ്യന്തര വിപണിയെയും ബാധിക്കും.

യുദ്ധത്തിന്റെ ഫലമായി വ്യവസായത്തിന് ഉടനടി 300 മുതല്‍ 400 കോടി രൂപയുടെ വരുമാന പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന നേര്‍ത്ത നൂലുകളുടെ കയറ്റുമതി പ്രധാനമായും ഇറാന്‍ ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കാണ് പോകുന്നതെന്ന് ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി പറഞ്ഞു. ഇറാന്‍ ദുബായ്‌ ആക്രമിച്ചതോടെ ആഫ്രിക്കയിലേക്കുള്ള വിതരണ ശൃംഖലയും അസ്ഥിരമായെന്ന് അദ്ദേഹം പറഞ്ഞു.

2nd paragraph

തുണിത്തരങ്ങളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മനുഷ്യനിര്‍മ്മിത ഫൈബര്‍ നാരുകളുടെ വില കിലോഗ്രാമിന് ഏകദേശം 10 മുതല്‍ 15 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചതും അതിന്റെ ഫലമായി ക്രൂഡ് ഓയില്‍ വില ഉയരുന്നതും സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇനിയും ഫൈബര്‍ നാരുകളുടെ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂറത്തിലെ ടെക്‌സ്‌റ്റൈല്‍ വ്യവസായ പ്രമുഖര്‍ പറയുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സിന്തറ്റിക് നാരുകളുടെ നിര്‍മ്മാണ കേന്ദ്രമാണ് സൂറത്ത്. ഇവിടെ ദിവസേന 6 കോടി മീറ്ററില്‍ അധികം തുണിത്തരങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. സംഘര്‍ഷത്തിന്റെ ഫലമായി കയറ്റുമതി ചെലവുകളും വന്‍തോതില്‍ ഉയര്‍ന്നു.

ഇന്ത്യയുടെ നെയ്ത്ത് വസ്ത്രങ്ങളുടെ തലസ്ഥാനമായ തിരുപ്പൂരും സമാനമായ പ്രതിസന്ധി നേരിടുകയാണ്. തിരുപ്പൂര്‍ വ്യവസായികളും പ്രധാനമായും പശ്ചിമേഷ്യയിലേക്കാണ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. നിലവിലെ അസാധാരണ സാഹചര്യം തിരുപ്പൂര്‍ കയറ്റുമതിക്കാരെ ആശങ്കാകുലരാക്കിയിട്ടുണ്ട്. കൂടാതെ ഷിപ്പിംഗിലെ കാലതാമസം ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും കച്ചവടക്കാര്‍ക്കിടയില്‍ ആശങ്കയുണ്ട്. ഓര്‍ഡറുകള്‍ റദ്ദാക്കുന്നത് തടയാന്‍ കച്ചവടക്കാര്‍ വിദേശ വാങ്ങലുകാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്ന് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുഎസ്, യൂറോപ്യന്‍ വിപണികള്‍ക്കുള്ള നെയ്ത്ത് വസ്ത്രങ്ങള്‍ പോലും പശ്ചിമേഷ്യ വഴിയാണ് കയറ്റുമതി ചെയ്യുന്നത്. കൂടാതെ, സൗദി അറേബ്യയിലേക്കും യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും വലിയ അളവില്‍ ഇവിടെ നിന്ന് നെയ്ത്ത് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഓരോ സീസണുകള്‍ക്ക് അനുസൃതമായ വസ്ത്രങ്ങളാണ് ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. സീസണ്‍ കഴിഞ്ഞാല്‍ അവ വില്‍ക്കാന്‍ കഴിയില്ല. വിദേശ വാങ്ങലുകാര്‍ അവ വാങ്ങുന്നതിനായി പിന്നേയും ഒരു വര്‍ഷം കാത്തിരിക്കണം.

ഇതിനുമുമ്പേ തന്നെ വിപണി മന്ദഗതിയിലായിരുന്നു. അതോടൊപ്പം യുദ്ധം കൂടിയായപ്പോള്‍ വ്യവസായത്തിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. വിമാന തടസ്സങ്ങള്‍, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ കാരണം കയറ്റുമതി ചെയ്യാന്‍ കഴിയാത്ത ചരക്കുകള്‍ക്ക് ഡെമറേജ് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് വസ്ത്ര കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കാര്‍ഗോ ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഡിജിസിഎ പരിഗണിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.