മോദി സ്റ്റേഡിയത്തിലെ ‘ഫൈനല്‍ ശാപം’ മാറ്റാൻ മാസ്റ്റര്‍ പ്ലാൻ; ഹോട്ടലും ഡ്രസിങ്ങ് റൂമും മാറ്റി ഇന്ത്യൻ ടീം

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്.രാത്രി ഏഴ് മുതലാണ് മത്സരം ആരംഭിക്കുക.
ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകള്‍ അല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉള്ളത്. 2023-ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടില്‍ ആയിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 70 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍വി നേരിട്ടതും ഇതേ ഗ്രൗണ്ടില്‍ ആയിരുന്നു.
അതുകൊണ്ട് തന്നെ ഇത്തവണ കളിയില്‍ മാത്രമല്ല, ഭാഗ്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദില്‍ ഏറ്റുവാങ്ങിയ ആ വലിയ മുറിവ് ഇത്തവണ ആവർത്തിക്കരുതെന്ന് ടീം ഇന്ത്യയ്ക്ക് നിർബന്ധമുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി മൈതാനത്തെ തന്ത്രങ്ങള്‍ക്കൊപ്പം ഭാഗ്യവും കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് ടീം. ഇതിന്‍റെ ഭാഗമായി ടീം താമസിക്കുന്ന ഹോട്ടലിലും സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലും ഇന്ത്യ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകള്‍.
ഇന്ത്യ തങ്ങളുടെ സ്ഥിരം ഡ്രസ്സിംഗ് റൂമിന് പകരം സന്ദർശക ടീമുകള്‍ ഉപയോഗിക്കുന്ന ഡ്രസ്സിംഗ് റൂമാകും ഉപയോഗിക്കുക. പഴയ പരാജയങ്ങളുടെ ഓർമ്മകള്‍ വിട്ടുമാറാത്ത സ്റ്റേഡിയത്തില്‍ ‘നെഗറ്റീവ് എനർജി’ ഒഴിവാക്കാനും ഭാഗ്യം കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. മുംബൈയില്‍ ചന്ദ്രഗ്രഹണം കാരണം പരിശീലനം വൈകിപ്പിച്ചത് ഉള്‍പ്പെടെയുള്ള ടീമിന്‍റെ സമീപകാലത്തെ വിശ്വാസപരമായ നിലപാടുകളുടെ തുടർച്ചയാണിത്.
2023 ലോകകപ്പ് ഫൈനലിന് ഇന്ത്യ താമസിച്ച ഹോട്ടലില്‍ നിന്നല്ല ഇത്തവണ ടീം ഇന്ത്യ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ ടീം ഇത്തവണ താജ് സ്കൈലൈനില്‍ ആയിരിക്കും താമസിക്കുക. 2023-ല്‍ ഇന്ത്യ താമസിച്ചിരുന്ന ഐടിസി നർമ്മദയില്‍ ഇത്തവണ ന്യൂസിലൻഡ് ടീമിനാണ് താമസം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഭാഗ്യപരീക്ഷണണമൊന്നും അല്ലെന്നും ഐസിസി പ്രോട്ടോക്കോള്‍ അനുസരിച്ചുളള മാറ്റമാണെന്നുമാണ് ടീം വൃത്തങ്ങള്‍ പറയുന്നത്.

