‘ ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്

ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. മധ്യപൂര്‍വേഷ്യയിലെ പരാജിതരാണ് ഇറാനെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രമഫലമായാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തന്നോട് നന്ദി അറിയിച്ചെന്നും ട്രംപ് പറയുന്നു. ഇന്ന് ഇറാനെതിരെ കടുത്ത ആക്രമണം നടക്കും. ഇറാന്റെ മോശം പെരുമാറ്റം നാശത്തിലേക്കാണ് അവരെ നയിക്കുന്നത്. മിഡില്‍ ഈസ്റ്റിന്റെ ഭീകരന്‍ ഇനി ഇല്ല, പകരം ഇറാന്‍ ഇനി മുതല്‍ അറിയപ്പെടുക മിഡില്‍ ഈസ്റ്റിന്റെ പരാജിതന്‍ എന്ന് – ട്രംപ് വ്യക്തമാക്കി.
രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്‍ ജിസിസി രാജ്യങ്ങളില്‍ ഇനി ആക്രമണം നടത്തില്ലെന്ന് പ്രഖ്യാപിച്ചത്. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു. നേരിട്ട് ആക്രമിച്ചാല്‍ മാത്രം പ്രത്യാക്രമണമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

അതിനിടെ, താത്കാലികമായി നിര്‍ത്തിവെച്ച ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. എമിറേറ്റ്‌സ് വിമാനങ്ങള്‍ അടക്കം സര്‍വീസ് നടത്തും.
ഗള്‍ഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതിയാണ് ഇറാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും കണ്ടത്. ബഹ്‌റൈനിലാണ് രാവിലെ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. പുലര്‍ച്ചേ മുതല്‍ നിരവധി തവണ സൈറണ്‍ മുഴങ്ങി. ഇന്നലെ ജനവാസ മേഖലയില്‍ ആക്രമണം നടന്നതിനാല്‍ പൊതുവിടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. സൗദിയില്‍ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു. ഖര്‍ജ് പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് നേരെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമവും പരാജയപ്പെടുത്തി. ഇതിനിടെ യുദ്ധത്തില്‍ പങ്കുചേരാന്‍ തയാറാണെന്ന് ഹൂതി സംഘം അറിയിച്ചു. അമേരിക്കയായിരിക്കും യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങാന്‍ പോകുന്നതെന്നാണ് ഹൂതിയുടെ പ്രതികരണം.
