നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ വീഡിയോ സര്‍വൈലന്‍സ്, വീഡിയോ വ്യൂയിങ് ടീമുകള്‍ രൂപീകരിച്ചു


ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുതാര്യതയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള ചെലവു നിരീക്ഷണ സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വീഡിയോ സര്‍വൈലന്‍സ്, വീഡിയോ വ്യൂയിങ് ടീമുകള്‍ രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവായി. 16 നിയമസഭാ മണ്ഡലങ്ങളിലേക്കായി 16 വീഡിയോ സര്‍വൈലന്‍സ്, വ്യൂയിങ് ടീമുകളെയാണ് നിയമിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ നിയമവിരുദ്ധമായ പണമിടപാടുകള്‍, മദ്യവിതരണം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കല്‍, അമിതമായ പ്രചാരണ ചെലവുകള്‍, പണമായോ വസ്തുക്കളായോ കൈക്കൂലി നല്‍കല്‍, നിയമ വിരുദ്ധ ആയുധങ്ങള്‍, വെടിമരുന്ന് എന്നിവ കൈവശം വെക്കല്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി നടത്തുന്ന കര്‍ശന പരിശോധനകളുടെ വീഡിയോ ചിത്രീകരണമാണ് സര്‍വൈലന്‍സ് ടീമിന്റെ ചുമതല.
വീഡിയോ സര്‍വൈലന്‍സ് ടീം വീഡിയോ ചിത്രീകരിക്കുന്നതിന്റെ തുടക്കത്തില്‍ പരിപാടിയുടെ പേര്, തരം, തീയതി സ്ഥലം, പരിപാടി സംഘടിപ്പിക്കുന്ന പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയുടെയും പേര് എന്നിവ വോയ്‌സ് മോഡില്‍ രേഖപ്പെടുത്തും. വാഹനങ്ങള്‍/ ഇവന്റ്/പോസ്റ്റര്‍/കട്ടൗട്ടുകള്‍ മുതലായവയുടെ വീഡിയോഗ്രാഫ് ചെയ്യും. ഓരോ വാഹനത്തിന്റെയും തെളിവുകള്‍, അതിന്റെ നിര്‍മ്മാണ നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, ഫര്‍ണിച്ചറുകളുടെ എണ്ണം, പൊതുവേദിയുടെ വലുപ്പം, ബാനര്‍, കട്ടൗട്ട് എന്നിവയുടെ ചെലവ് കണക്കാക്കും. സാധ്യമാകുന്നിടത്തെല്ലാം റാലി നടക്കുന്ന സ്ഥലത്തിന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തും.

പരിപാടിയുടെ ചിത്രീകരണ സമയത്ത് വീഡിയോ ടീം വാഹനങ്ങളുടെ കണക്കാക്കിയ എണ്ണവും തരവും കസേരകള്‍/ഫര്‍ണിച്ചറുകള്‍ ലൈറ്റുകള്‍/ ലൗഡ് സ്പീക്കറുകള്‍ പരിപാടിയില്‍ ഉപയോഗിക്കുന്ന പൊതു വേദി/ ബാനര്‍/പോസ്റ്റര്‍ / കട്ടൗട്ട് എന്നിവയുടെ ഏകദേശ വലിപ്പം ശബ്ദത്തില്‍ വിവരിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. മാതൃകാ പെരുമാറ്റചട്ട ലംഘനം നടന്നിട്ടുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്യും.
വീഡിയോ സര്‍വയലന്‍സ് ടീം തയാറാക്കിയ വീഡിയോകളും നിശ്ചിത ഫേര്‍മാറ്റില്‍ തയാറാക്കിയ ക്യൂ ഷീറ്റും വീഡിയോ വ്യൂവിംഗ് ടീമിന് കൈമാറും. വീഡിയോ വ്യൂയിങ് ടീം ഈ വീഡിയോയുടെ സി.ഡി.കള്‍ അതത് ഓഫീസുകളില്‍ നിന്നു തന്നെ തയാറാക്കും. അവയുടെ റിപ്പോര്‍ട്ടുകള്‍ അക്കൗണ്ടിങ് ടീമിനോ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വറിനോ നല്‍കണം.
