‘താങ്ക്യൂ പൊണ്ടാട്ടീ’; ചാരുവിനെ ചേര്‍ത്തുപിടിച്ച് സഞ്ജു, ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറല്‍

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെ, തന്റെ ജീവിതത്തിലെ കരുത്തായ ഭാര്യ ചാരുലതയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസണ്‍.ടൂർണമെന്റിലെ റണ്‍വേട്ടക്കാരനായി ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച സഞ്ജു തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ചാരുവിന് പങ്കുവെച്ചാണ് വികാരാധീനനായത്. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ നിന്നതിനും ക്രിക്കറ്റിനോടുള്ള തൻ്റെ പാഷനെ മനസ്സിലാക്കി കൂടെനിന്നതിനും ചാരുവിനോട് സഞ്ജു ഇൻസ്റ്റഗ്രാം പോസ്റ്റില്‍ നന്ദി പറഞ്ഞു.
‘കണ്ടുമുട്ടിയ അന്ന് മുതല്‍ ഇന്ന് ഈ നിമിഷം വരെ കൂടെ നില്‍ക്കുന്നതിന് നന്ദി. പുറംലോകം എന്നെ എങ്ങനെ കണ്ടാലും എന്നോട് എന്നും സത്യസന്ധത പുലർത്തിയതിനും എന്റെ നല്ലതും ചീത്തയുമായ വശങ്ങള്‍ ഒരുപോലെ സ്നേഹിച്ചതിനും ഒത്തിരി കടപ്പാടുണ്ട്. എൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ തൻ്റേതെന്ന പോലെ കാണുകയും പാഷനോടെ കൂടെനില്‍ക്കുകയും ചെയ്തതിനും നന്ദി. ഈ ലോകകപ്പ് നേട്ടത്തില്‍ എൻ്റെ കൂടെയുണ്ടായിരുന്നതിനും എല്ലാ പ്രതിസന്ധികളിലും പിന്തുണ നല്‍കിയതിനും നന്ദി’, സഞ്ജു ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
ഈ നിമിഷത്തിനായി തന്നെപ്പോലെ തന്നെ അവളും ആഗ്രഹിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേർത്തു. ‘എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് ഒരുപാട് നന്ദി’ എന്ന വാക്കുകളോടെയാണ് സഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്. പഠന കാലത്തെ ചിത്രവും ലോകകപ്പ് വിജയത്തിനു ശേഷം ഗ്രൗണ്ടില്‍ ചാരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും പങ്കുവെച്ചാണ് സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ പഠനകാലം മുതല്‍ തുടങ്ങിയ ആ സൗഹൃദവും പ്രണയവുമാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിലൊരാളായി ഇവരെ മാറ്റിയത്.
