ചോദ്യപേപ്പറുകൾ പിൻവലിച്ച്, പുതിയവ നൽകുന്ന നീക്കം ദുരൂഹം; സർക്കാർ അന്വേഷിക്കണമെന്ന് എ.എച്ച്. എസ്. ടി.എ


മലപ്പുറം:മാർച്ച് അഞ്ചിന് ആരംഭിച്ച, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകളുടെ ചോദ്യപേപ്പർ, ഫെബ്രുവരി 26 മുതൽ വിതരണം ചെയ്തതാണ്.
എന്നാൽ അക്കൂട്ടത്തിൽ വിതരണം ചെയ്ത ഒന്നാംവർഷ അറബ്, പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറുകൾ പിൻവലിച്ചു കൊണ്ട്, പുതിയവ വിതരണം ചെയ്തു തുടങ്ങിയിരിക്കുകയാണ് ഹയർസെക്കൻഡറി വകുപ്പ്.ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത് ഈ വിഷയങ്ങളുടെ വിതരണം ചെയ്ത ചോദ്യപേപ്പറുകളുടെ പാക്കിങ്ങിൽ ഡാമേജ് സംഭവിച്ചു എന്ന് കോൺഫിഡൻഷ്യൽ പ്രസ് കണ്ടെത്തി എന്നതാണ്.പ്രസ്സ് പ്രിൻറ് ചെയ്ത്, പാക്ക് ചെയ്തു ഹയർസെക്കൻഡറി വകുപ്പിന് കൈമാറുന്ന ചോദ്യപേപ്പർ, ഹയർസെക്കൻഡറി അധികൃതർ നേരിട്ടാണ് സ്കൂളുകളിൽ എത്തിക്കുന്നത്. ഇങ്ങനെ സ്കൂളുകളിൽ എത്തുന്ന ചോദ്യപേപ്പർ ബണ്ടിലുകൾ ചീഫ് സൂപ്രണ്ടും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് മാരും ഏറ്റുവാങ്ങുകയും, ബണ്ടിലുകൾ പൊട്ടിച്ച് ചോദ്യപേപ്പർ പാക്കറ്റുകൾ തരംതിരിച്ച് സീൽ ചെയ്ത് സൂക്ഷിക്കുകയും ആണ് ചെയ്യുന്നത്.
പാക്കിങ്ങിൽ തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ കഴിയുക ചീഫ് സൂപ്രണ്ടിനും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും ആയിരിക്കും. അങ്ങനെ ഏതെങ്കിലും സ്കൂളുകളിൽ നിന്നും, അവർ തകരാറ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.അതല്ലാതെ കോൺഫിഡൻഷ്യൽ പ്രസ് പാക്കിങ്ങിൽ തകരാറ് കണ്ടെത്തി എന്നു പറഞ്ഞിരിക്കുന്നത് ദുരൂഹമാണ്. പാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തായപ്പോൾ പോലും, പിശക് പറ്റിയ അധ്യാപകരിൽ നിന്നും ലക്ഷക്കണക്കിന് രൂപ ഈടാക്കുന്ന സമീപനം സ്വീകരിച്ചിട്ടുള്ള വകുപ്പ്, രണ്ട് ചോദ്യ പേപ്പറുകളുടെ കാര്യത്തിൽ എന്ത് വീഴ്ചയാണ് സംഭവിച്ചത് എന്ന് വ്യക്തമാക്കണമെന്നും, ഹയർസെക്കൻഡറി പൊതുപരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലുള്ള അട്ടിമറി സാധ്യത ഉണ്ടായിട്ടുണ്ടോ എന്ന്, സർക്കാർ അന്വേഷിക്കണമെന്നും എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച് എസ്.ടി.എ.) ആവശ്യപ്പെട്ടു.

മാർച്ച് 11 ബുധനാഴ്ച അറബിൻ്റെ പരീക്ഷയും 16 തിങ്കൾ പൊളിറ്റിക്കൽ സയൻസ് പരീക്ഷയും നടക്കും.യോഗത്തിൽ സംസ്ഥാന ട്രഷറർ യു ടി അബൂബക്കർ , വൈസ് പ്രസിഡന്റ് മനോജ് ജോസ് , എഡിറ്റർ രഞ്ജിത്ത് വികെ , ജില്ലാ പ്രസിഡന്റ് മുഹമ്മദ് എംടി, ജില്ലാ സെക്രട്ടറി ഷറീന , ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണൻ , ഇഫ്തികരുദ്ദീൻ , പ്രദീപ് കാറ്റോട്, ഡോ.എ സി . പ്രവീൺ , ഷാം, അജിതകുമാർ, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
