നയൻതാര ഇനി ധനുഷിന്റേയും രജനികാന്തിന്റെയും അയല്‍ക്കാരി; 31 കോടിയുടെ ആഢംബര വസതി വാങ്ങി നടി

ആരാധകർ ഏറെയുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. ഇരുവരും ചെന്നൈയിലെ പോയസ് ഗാർഡനില്‍ ആഡംബര വസതി സ്വന്തമാക്കി.31.5 കോടി രൂപയുടെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ധനുഷ്, രജനികാന്ത്, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ വസതികള്‍ സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡനിലെ ‘ലെഗസി’ പ്രൊജക്റ്റിലാണ് ഇവരും സ്വപ്നം ഭവനം വാങ്ങിയത്.
നാല്, അഞ്ച് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിന് 14,369 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. ചതുരശ്ര അടിക്ക് ഏകദേശം 21,946 രൂപ എന്ന നിരക്കിലാണ് ഈ വമ്പൻ ഇടപാട് നടന്നത്. എട്ട് കാറുകള്‍ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് ഏരിയയും ഈ ആഡംബര വസതിയുടെ ഭാഗമാണ്. രേഖകള്‍ പ്രകാരം പ്രോപ്പർട്ടിയുടെ 90 ശതമാനം ഉടമസ്ഥാവകാശവും നയൻതാരയുടെ പേരിലാണ്. ബാക്കി 10 ശതമാനം വിഹിതം മാത്രമാണ് ഭർത്താവ് വിഘ്നേഷ് ശിവനുള്ളത്. 2025 ഡിസംബർ 15-നാണ് ലാൻഡ്‌മാർക്ക് മെട്രോ പ്രൊജക്‌ട്‌സില്‍ നിന്നും ഇരുവരും ഈ വസ്തു ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് വാങ്ങിയത്.

ചെന്നൈയ്ക്ക് പുറമേ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് വൻതോതിലുള്ള നിക്ഷേപങ്ങളുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ 15 കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് വീടുകളും കേരളത്തില്‍ അതീവ ആഢംബരങ്ങളുള്ള കുടുംബ വീടും താരത്തിനുണ്ട്. നിലവില്‍ അല്‍വാർപേട്ടിലെ വീനസ് കോളനിയിലുള്ള 7000 സ്‌ക്വയർ ഫീറ്റ് വീട്ടിലാണ് നയൻതാരയും വിഘ്‌നേഷും കുഞ്ഞുങ്ങളോടൊപ്പം താമസിക്കുന്നത്. ഹോം-ഓഫീസ്, ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന രീതിയിലാണ് ദമ്പതികള്‍ ഉപയോഗിക്കുന്നത്.
