സഞ്ജുവിനും ബുംറയ്ക്കും ട്രോഫി മാത്രം, സമ്മാനമായി പണമില്ല; കാരണം അറിയാം

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷമാക്കുകയാണ് ആരാധകർ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിടുന്നത്.ടി20 ലോകകപ്പില്‍ ഇന്ത്യയെ മൂന്നാം കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിർണായകമായത് മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയ തകർപ്പൻ ബാറ്റിങ്ങും ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ കിടിലൻ ബൗളിങുമാണ്. ഫൈനലില്‍ താരമായത് ബുംറയാണെങ്കില്‍ ടൂർണമെന്റിന്റെ താരമായത് സഞ്ജുവാണ്.
സീസണിലെ തുടർച്ചയായി മൂന്ന് നിർണായക മത്സരങ്ങളില്‍ ഗംഭീര പെർഫോമൻസ് നടത്തിയാണ് സഞ്ജു പ്ലേയർ ഓഫ് ദ ടൂർണമെന്റായി മാറിയത്. ഫൈനല്‍ മത്സരത്തില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തത്തോടെ ബുംറ പ്ലേയർ ഓഫ് ദ മാച്ച് ആയും മാറി. പക്ഷേ രണ്ടു പേർക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ച വേളയില്‍ പതിവായി കൈമാറാറുള്ള ആ വലിയ ചെക്ക് ഇത്തവണ നല്‍കിയില്ല. അതിനു കാരണം അറിയാം.
ഇന്ത്യൻ പ്രീമിയർ ലീഗിലുള്ളതുപോലെ വ്യക്തിഗത പുരസ്കാരങ്ങള്‍ക്ക് പണം സമ്മാനമായി നല്‍കുന്ന ഫ്രാഞ്ചൈസി മോഡല്‍ ഐസിസി പിന്തുടരാത്തതാണ് ഇതിനുകാരണം. പകരം ‘ടോട്ടല്‍ പ്രൈസ് പൂള്‍’ എന്ന സംവിധാനമാണ് ഐസിസി ഇവിടെ പിന്തുടരുന്നത്. ടൂർണമെന്റുകളിലോ മത്സരങ്ങളിലോ വിജയികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന ആകെ സമ്മാനത്തുകയെന്നാണ് ‘ടോട്ടല്‍ പ്രൈസ് പൂള്‍’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ടൂർണമെന്റില്‍ പങ്കെടുത്ത രാജ്യങ്ങളുടെ റാങ്കിങ് അനുസരിച്ച് ആയിരിക്കും ഐസിസി വലിയൊരു തുക സമ്മാനമായി നല്‍കുക. ക്രിക്കറ്റ് ഒരു ടീം ഗെയിം ആയതുകൊണ്ടു തന്നെ വ്യക്തിഗതമായി പണം നല്‍കുന്നത് ഒഴിവാക്കുന്നതിലൂടെ, ദശലക്ഷക്കണക്കിന് ഡോളർ വരുന്ന സാമ്പത്തിക പ്രതിഫലം അതത് രാജ്യങ്ങളിലെ ബോർഡുകള്‍ക്ക് (ഉദാഹരണത്തിന് ബിസിസിഐ) നേരിട്ട് ലഭിക്കുന്നെന്ന് ഐസിസി ഉറപ്പാക്കുന്നു. ഇങ്ങനെ നല്‍കുന്ന പണം ടീമിലുള്ള എല്ലാ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും മറ്റു സപ്പോർട്ട് സ്റ്റാഫുകള്‍ക്കും വിഭജിച്ചു നല്‍കേണ്ട ഉത്തരവാദിത്തം ആ ബോർഡിനാണ്.

