ആട് എനിക്ക് ആദ്യം വര്‍ക്ക് ആയില്ല, ഞാൻ ചെയ്യേണ്ട സിനിമ അല്ലെന്ന് പറഞ്ഞു; ജയസൂര്യ

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററില്‍ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റല്‍ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്.തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആടിന്റെ ആദ്യ ഭാഗം തനിക്ക് വർക്ക് ആവാതെ പോയ സിനിമ ആണെന്നും താൻ ചെയ്യുന്നില്ല എന്ന് വെച്ചതാണെന്നും പറയുകയാണ് ജയസൂര്യ. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സാന്ദ്രയാണ് എന്നെ ആദ്യം ആടിലേക്ക് വിളിക്കുന്നത്. അന്ന് അവരും കൂടെ ഉണ്ടായിരുന്നു ആ കമ്പനിയില്‍. ഞാൻ കാര്യങ്ങള്‍ സംസാരിച്ചു, സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ആദ്യം വർക്ക് ആയില്ല. എന്റെ ക്യാരക്ടറിന്റെ പരിപാടികള്‍ എനിക്ക് കിട്ടിയില്ല. എനിക്ക് ചെയ്യേണ്ട സിനിമ ആയിട്ട് ഇത് തോന്നുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ അത് വിട്ടു. പക്ഷെ കുറെ നാളുകള്‍ക്ക് ശേഷം റീ വർക്ക് ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അവർ വന്നു. ഞാൻ പിന്നീട് മിഥുനും ആയി ഇരുന്നു, എനിക്ക് പാപ്പാനെ റിസീവ് ചെയ്യാൻ പറ്റിയിരുന്നില്ല. ഒരു ക്യാക്ടർ ആയി വന്ന ശേഷമാണ് ഇനി കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് സിനിമയിലേക്ക് ഇൻ ആകുന്നത്.

അതിന് മുൻപ് ഞാൻ അത്ര കണ്‍വിൻസിങ് ആയിരുന്നില്ല. ചില സിനിമകള്‍ വരുമ്പോള്‍ കഥാപത്രം ഉണ്ടാകും, പക്ഷെ അതിന്റെ ബാക് സ്റ്റോറി കൃത്യമായി കിട്ടിയില്ലെങ്കില്‍ ആ കഥാപാത്രത്തെ ഉള്‍കൊള്ളാൻ പ്രയാസമായിരിക്കും. സംവിധായകനും തിരക്കഥാകൃത്തും നടനും ഉദ്ദേശിക്കുന്നത് ഒരു വഴിയ്ക്ക് പോയാല്‍ അത് നന്നായി വരുകയുള്ളു. അങ്ങനെ ഒരു മീറ്റിംഗ് ആടിന് ഉണ്ടായിട്ടുണ്ട്,’ ജയസൂര്യ പറഞ്ഞു.
അതേസമയം, ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നില്‍ക്കുന്നതാണ് സിനിമയുടെ പോസ്റ്ററുകളും ഇപ്പോള്‍ ഇറങ്ങിയ ട്രെയ്‌ലറും. ട്രെയിലറിലെ ഡയലോഗുകളായും എഡിറ്റിംഗും കയ്യടി നേടുന്നുണ്ട്. മാറ്റ് രണ്ട ഭാഗങ്ങളെക്കാള്‍ ചിത്രം ഹിറ്റടിക്കുമെന്നാണ് ആരാധകർ പറയുന്നത്. ആടിന്റെ രണ്ടു ഭാഗങ്ങളില്‍ ഒന്നാം ഭാഗം തിയേറ്ററില്‍ വിജയമാകാതെ ഡിജിറ്റല്‍ റിലീസിന് ശേഷമാണ് വലിയ ആരാധകവൃന്ദം ഉണ്ടായത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വർധിച്ചിട്ടുണ്ട്.

മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
