കോട്ടക്കലിൽ വികസന വിപ്ലവം; വയോജന കേന്ദ്രവും സ്റ്റേഡിയവും ഒരുങ്ങുന്നു, പ്രവാസികൾക്ക് റിവോൾവിംഗ് ഫണ്ട്

കോട്ടക്കൽ: പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന കോട്ടക്കൽ നഗരസഭ, വികസനത്തിന്റെ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. അടിസ്ഥാന സൗകര്യ വികസനം മുതൽ കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നഗരസഭ തുടക്കമിട്ടിരിക്കുന്നത്. പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് സമൂഹത്തിൻ്റെ നാനാമേഖലകളെയും സ്പർശിച്ചുകൊണ്ടുള്ളതാണ്. കോട്ടക്കലിനെ ഒരു സ്മാർട്ട് നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് പ്രധാനമായും .

വയോജന സൗഹൃദ കേന്ദ്രവും അത്ലറ്റിക് സ്റ്റേഡിയവും
വയോജനങ്ങളുടെ ക്ഷേമത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ വയോജന സൗഹൃദ കേന്ദ്രം യാഥാർത്ഥ്യമാകുന്നു. നഗരസഭയുടെ തനത് ഫണ്ടിനൊപ്പം എം.പി അബ്ദു സമദ് സമദാനി അനുവദിച്ച ഒരു കോടി രൂപ കൂടി ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വയോധികർക്ക് വിശ്രമിക്കാനും ഒത്തുചേരാനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ഇടമായി ഇത് മാറും. ബി എസ് എൻ എൽകെട്ടിടത്തിലാണ് പദ്ധതി തുടക്കം കുറിക്കുന്നത്.

കായിക പ്രേമികളുടെ ദീർഘകാല സ്വപ്നമായ കോട്ടക്കൽ സ്റ്റേഡിയം അത്ലറ്റിക്സ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്താൻ പാകത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്പോർട്സ് ഹബ്ബായി കോട്ടക്കലിനെ ഉയർത്താൻ ഈ സ്റ്റേഡിയം സഹായിക്കും. നഗരസഭാപരിതിക്കുള്ളിൽ അനുയോജ്യമായ സ്ഥലം നോക്കി വരികയാണ്.
നഗരസഭ ഇനി ‘ഹാപ്പിനസ് സെന്റർ’
നഗരസഭ ഓഫീസിനെ ജനസൗഹൃദമാക്കാൻ ‘ഹാപ്പിനസ് സെന്റർ’ പദ്ധതി വരുന്നു. ഫ്രണ്ട് ഓഫീസ് നവീകരണം, സേവനങ്ങൾ വേഗത്തിലാക്കാൻ ഡിജിറ്റൽ കിയോസ്കുകൾ, സഹായത്തിനായി പ്രത്യേക സപ്പോർട്ട് സ്റ്റാഫ് എന്നിവ ഇതിന്റെ ഭാഗമാണ്. നഗരസഭയിൽ എത്തുന്ന ഓരോ പൗരനും പുഞ്ചിരിയോടെ മടങ്ങുക എന്നതാണ് ലക്ഷ്യം.
ക്ലബ്ബുകൾക്ക് ഗ്രേഡിംഗും പുരസ്കാരവും
മണ്ഡലത്തിലെ ക്ലബ്ബുകളുടെ പ്രവർത്തനം ശാസ്ത്രീയമാക്കാൻ ഗ്രേഡിംങ് സംവിധാനം ഏർപ്പെടുത്തുന്നു. പ്രവർത്തന മികവിനനുസരിച്ച് A++ മുതൽ B വരെ ഗ്രേഡുകൾ നൽകും. ഉയർന്ന ഗ്രേഡ് ലഭിക്കുന്ന ക്ലബ്ബുകൾക്ക് സാഹസിക ക്യാമ്പുകൾ, സാഹിത്യ ക്യാമ്പുകൾ, അത്യാധുനിക സ്പോർട്സ് കിറ്റുകൾ എന്നിവ മുൻഗണനാടിസ്ഥാനത്തിൽ നൽകും.
അക്വാപോണിക്സും കാർഷിക വിപ്ലവവും
വിഷരഹിത പച്ചക്കറികൾ ഓരോ വീട്ടിലും ലഭ്യമാക്കാൻ ആധുനിക അക്വാപോണിക്സ് കൃഷി രീതി നഗരസഭ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ സ്ഥലത്ത് മത്സ്യകൃഷിയും പച്ചക്കറി കൃഷിയും ഒരുമിച്ച് നടത്തി വീട്ടാവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
കോട്ടക്കലിന്റെ ഈ വികസന കുതിപ്പ് വരും തലമുറയ്ക്കുള്ള നിക്ഷേപമാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ പദ്ധതികൾ പൂർണ്ണാർത്ഥത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിക്കൂ. പദ്ധതികളെല്ലാം നഗരത്തിൻ്റെ നേട്ടങ്ങളാകട്ടെയെന്ന് പ്രത്യാശിക്കാം.
പ്രവാസി ഓന്റർപ്രണർഷിപ്പ് ക്ലബ്ബ്:
പ്രവാസികൾക്ക് നാട്ടിൽ സംരംഭങ്ങൾ തുടങ്ങാൻ റിവോൾവിംഗ് ഫണ്ട്, പലിശ സബ്‌സിഡി എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ നൽകും.
വനിതാ നൈപുണ്യ വികസനം
സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പ്രത്യേക നൈപുണ്യ വികസന കേന്ദ്രം (Skill Development Centre) ആരംഭിക്കും.
സ്മാർട്ട് അങ്കണവാടികൾ:
മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കും. പുതിയ ഹൈടെക് അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കും.
ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ:
വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവൃത്തി ആരംഭിക്കും.
ജനസൗഹൃദ ഹെൽത്ത് സെന്ററുകൾ:
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക സൗകര്യങ്ങളുള്ള ജനസൗഹൃദ ആതുരാലയങ്ങളായി ഉയർത്തും.
