‘സഞ്ജു ഒപ്പമുള്ളപ്പോള്‍ കിട്ടുന്ന കരുത്ത് വേറെതന്നെ’; മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശര്‍മ

ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി കരുത്ത് സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. സഞ്ജു സാംസണ്‍ ഒരു സഹതാരം മാത്രമല്ലെന്നും ടീമിലെ ഓരോ അംഗത്തിനും കളികളത്തിന് അകത്തും പുറത്തും വലിയ മാനസിക പിന്തുണ നല്‍കുന്ന വ്യക്തിത്വമാണെന്നും അഭിഷേക് പറഞ്ഞു.ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
‘സഞ്ജു സാംസണ്‍ ഓരോ കാര്യങ്ങളിലും കൃത്യമായ വ്യക്തതയുള്ള ആളാണ്. ഒപ്പം അദ്ദേഹം വളരെ സ്നേഹനിധിയും മറ്റുള്ളവരെ കരുതുന്ന വ്യക്തിയുമാണ്. സഞ്ജു സാംസണിനെപ്പോലെയുള്ള താരങ്ങള്‍ ടീമിലുണ്ടാകുമ്പോള്‍, നമുക്ക് കരുത്തായി നമ്മുടെ പിന്നില്‍ ഒരാളുണ്ടെന്ന വലിയൊരു തോന്നലുണ്ടാകും. ഏത് സാഹചര്യത്തിലും കളികളത്തിന് അകത്തും പുറത്തും പിന്തുണയുമായി അദ്ദേഹം എപ്പോഴും കൂടെയുമുണ്ടാകും.’ സഞ്ജുവിനെക്കുറിച്ചും ടീമിനുള്ളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ചും അഭിഷേക് തുറന്നുപറഞ്ഞു.
ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് കലാശപ്പോരില്‍ സഞ്ജു സാംസണ്‍ – അഭിഷേക് ശർമ കൂട്ടുകെട്ടാണ് ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത്. ഇരുവരും ചേർന്ന് കിവീസ് ബൗളർമാരെ ബൗണ്ടറികള്‍ പായിച്ച് 98 റണ്‍സിന്റെ അതിവേഗ കൂട്ടുകെട്ടുമായി നീലപ്പടയ്ക്ക് മിന്നും തുടക്കമായിരുന്നു നല്‍കിയത്. 255 എന്ന മികച്ച സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കാൻ ഈ റണ്‍വേട്ട തുണയായിരുന്നു. ഒടുവില്‍ ബ്ലാക്ക് ക്യാപ്സിനെ 96 റണ്‍സിന് തകർത്താണ് ടീം ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പില്‍ മുത്തമിട്ടത്. ഈ ജയത്തോടെ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഒപ്പം ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ കിരീടം നേടിയ ആദ്യ ടീമെന്ന നേട്ടവും സൂര്യയും സംഘവും സ്വന്തമാക്കി.

