AAK

വേനല്‍ക്കെടുതി നേരിടാൻ സജ്ജം; കര്‍ശന പ്രതിരോധ നടപടികളുമായി ജില്ലാ ഭരണകൂടം

മലപ്പുറം : ജില്ലയില്‍ ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ പലയിടങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ ‘ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍’ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പ്രധാന ടൗണുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ സജ്ജീകരിക്കും. ഉച്ചസമയത്തെ വെയില്‍ ഒഴിവാക്കുന്നതിനായി സ്‌കൂള്‍ അസംബ്ലികള്‍, കായിക വിനോദങ്ങള്‍ എന്നിവ നിയന്ത്രിക്കാനും രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ പാര്‍ക്കുകള്‍ പോലുള്ള വിശ്രമ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

1 st paragraph

ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങളില്‍ വെള്ളം എത്തിക്കും. കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. വേനല്‍ക്കാലത്തെ പ്രധാന വെല്ലുവിളികളായ കാട്ടുതീ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെ തീപിടുത്തം എന്നിവ തടയാന്‍ ഫയര്‍ വാച്ചര്‍മാരെ നിയമിക്കാനും മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനത്തിനുള്ളില്‍ കുടിവെള്ളവും ഭക്ഷണവും ഉറപ്പാക്കും. ഉത്സവങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാന്‍ ആന എഴുന്നള്ളിപ്പിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധമാക്കി. വെടിക്കെട്ട് നടക്കുന്നയിടങ്ങളില്‍ പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.

ജില്ലയിലെ വരള്‍ച്ചാ സാഹചര്യം നിരീക്ഷിക്കുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക ‘വരള്‍ച്ചാ നിരീക്ഷണ സെല്‍’ രൂപീകരിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉഷ്ണരോഗങ്ങള്‍ക്കായി പ്രത്യേക ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിക്കാനും നിര്‍ദ്ദേശമുണ്ട്. ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, പോലീസ്, കൃഷി, മൃഗസംരക്ഷണം തുടങ്ങി എല്ലാ വകുപ്പുകളും ജില്ലാ ദുരന്തനിവാരണ വകുപ്പുമായി ചേര്‍ന്ന് ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കായി വിപുലമായ ബോധവല്‍ക്കരണ പരിപാടികളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍. ജയന്തി, ഹസാര്‍ഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2nd paragraph