‘കഴിഞ്ഞ അഞ്ചു വർഷമായി പട്ടാമ്പിയോടൊപ്പം ഞാനുണ്ടായിരുന്നു, എന്നാൽ ഈ തവണ അവിടെ മത്സരത്തിനായി നേതൃത്വം പരിഗണിച്ചത് മറ്റൊരാളെ ‘ ; വൈകാരിക കുറിപ്പ് പങ്കുവെച്ച് റിയാസ് മുക്കോളി

മലപ്പുറം : കോൺഗ്രസിൻ്റെ യുവ മുഖവും പോരാട്ട പാരമ്പര്യവുമുള്ള നേതാവാണ് റിയാസ് മുക്കോളി. മലപ്പുറം ജില്ലയിൽ കെ.എസ്.യു വിന് ശക്തമായ മുന്നേറ്റം ഉണ്ടാക്കുന്നതിനും ക്യാമ്പസുകളിൽ വേരുറപ്പിക്കുന്നതിനും വിദ്യാർത്ഥി പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച നേതാവ് കൂടിയാണ് റിയാസ്. യൂത്ത് കോൺഗ്രസ് നേതൃസ്ഥാനത്ത് എത്തിയപ്പോഴും കഴി പത്ത് വർഷം സമരമുഖത്ത് നിറഞ്ഞ് നിന്ന് പ്രതിപക്ഷത്തിൻ്റെ ദൗത്യം നിർവഹിക്കുന്നതിൽ സ്വയം സമർപ്പിച്ച നേതാവാണ് റിയാസ്. 2021ൽ പട്ടാമ്പിയിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും സിറ്റിംഗ് എംഎൽഎയോട് പരാജയപ്പെട്ടു. എന്നാൽ തോൽവിക്കു ശേഷവും കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർദേശപ്രകാരം താൻ പട്ടാമ്പിയിൽ നിലയുറപ്പിച്ച് അവിടത്തെ ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിച്ചു. അഞ്ചു വർഷങ്ങൾക്കിപ്പുറം ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ നേതൃത്വം പരിഗണിച്ചത് ടി.പി ഷാജിയെ. കേരളത്തിലെ വിജയതേരോട്ടത്തിൽ എൻ്റെ പട്ടാമ്പിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്ന വൈകാരിക കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുയാണ് റിയാസ് മുക്കോളി. കോൺഗ്രസ്സ് എന്ന വികാരത്തിന് മുകളിൽവെക്കാൻ പറ്റുന്ന മറ്റൊന്നും എന്നിലില്ല എന്ന് കുറിച്ചാണ് റിയാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

റിയാസ് മുക്കോളിയുടെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം :
ഈ യാത്ര വളരെ കടുപ്പമേറിയതായിരുന്നു…
അതുകൊണ്ട് തന്നെ ഈ കുറിപ്പിന് ഒരല്പം നീളം കൂടിയേക്കാം…

ഒരു സാധാരണ മനുഷ്യൻ്റെ
കഴിഞ്ഞ കുറച്ചുകാലത്തെ
ജീവിതം പറഞ്ഞു വെക്കുമ്പോൾ ഒരിത്തിരി നീളം കൂടുതലായിപ്പോയാലും സാരമില്ലെന്നുകരുതി ക്ഷമിക്കുക…
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാന ലാപ്പിലാണ് ഞാൻ പട്ടാമ്പിയിൽ UDF സ്ഥാനർത്ഥിയായ് എത്തുന്നത്,
അന്ന് അവിടത്തെ ചരിത്രമോ ഭൂമി ശാസ്ത്രമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു…
അന്നത്തെ ഇടത് തരംഗത്തിൽ സിറ്റിംഗ് MLA യോട് പരാജയം സംഭവിച്ചു…
“അയാൾ കൊണ്ടോട്ടിക്കാരനാണ്,
ഇത് കഴിഞ്ഞാൽ അയാൾ അവിടേക്ക് തന്നെ തിരിച്ചു പോവും…” എന്നതായിരുന്നു അന്നത്തെ എതിരാളികളുടെ പ്രധാന പ്രചരണം…
എന്നാൽ
കഴിഞ്ഞ അഞ്ചു വർഷമായി പട്ടാമ്പിയോടൊപ്പം ഞാനുണ്ടായിരുന്നു…
തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ നൽകിയ വാക്ക്,
‘ജയപരാജയങ്ങൾക്കപ്പുറം ഞാൻ ഇവിടെ ഉണ്ടാവും,
കൂടെ നിൽക്കുന്നവരെ വഴിയിലുപേക്ഷിച്ച്
മടങ്ങി പോവില്ല…’
ഈ വാക്ക് സംസാരത്തിനിടയിൽ വെറുതേപറഞ്ഞ് പോയതോ, എതിരാളികളുടെ ആരോപണത്തിന് മറുപടി പറഞ്ഞതോ ആയിരുന്നില്ല…
അന്ന് ഞാൻ കണ്ട മനുഷ്യരും,അവർ നൽകിയ സ്നേഹവും, എന്തിനും ഏതിനും കൂടെനിന്ന് ചങ്ക് പറിച്ചു തരുന്ന സഹപ്രവർത്തകരുമാണ് എന്നെ അത്തരം ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചിത്…
അതിനു പുറമെ തിരഞ്ഞെടുപ്പിന് ശേഷം
ഞാൻ നേരിൽകണ്ട നേതാക്കൾ അത്തരം ഒരു നിർദ്ദേശം നൽകുകയും ചെയ്തു…
അന്നത്തെ കെ പി സി സി പ്രസിഡൻ്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അവർകളാണ് മത്സരിച്ചു പരാജയപ്പെട്ടവർ അതത് ഇടങ്ങളിൽ തുടർന്ന് പ്രവർത്തിക്കണം എന്നൊരു പൊതു നിലപാട് പറഞ്ഞത്,
ശേഷം
ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്ന വേളയിൽ അദ്ദേഹമത് നേരിട്ടു പറയുകയും ചെയ്തു…
തിരഞ്ഞെടുപ്പിന് ശേഷം പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിനെ കാണാൻ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ ചെന്നപ്പോൾ അദ്ദേഹവും അതുതന്നെ ആവശ്യപ്പെട്ടു…
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിൻ്റെ നിർദ്ദേശങ്ങൾ എല്ലാ കാലവും ശിരസ്സാവഹിച്ചാണ് ശീലം,അദ്ദേഹം ഒരു കാര്യം പറഞ്ഞാൽ അനുസരിക്കാൻ ഒരു കാലത്തും പ്രയാസം തോന്നിയിട്ടില്ല അത്രമേൽ ആ കരുതൽ ഞാൻ അനുഭവിച്ചിട്ടുണ്ട്,
പട്ടാമ്പിയിൽ താമസിച്ച് പ്രവർത്തിക്കാൻ ആ വാക്കുകൾ എനിക്ക് ഏറ്റവും വലിയ പ്രേരകങ്ങളിലൊന്നായിരുന്നു…
വെറുതെ താമസിക്കുക ആയിരുന്നില്ല
എന്നാലാവും വിധം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഇടപെടലുകൾ തീർത്തും,
ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകി നിരാലംബരായ മനുഷ്യരെ ചേർത്തുപിടിച്ചും പരമാവധി സാധാരണ മനുഷ്യരോട് ചേർന്നുനിന്നുള്ള ഒരു യാത്രയായിരുന്നു അത്.
അതോടൊപ്പം
നഷ്ടപ്പെട്ട പട്ടാമ്പി തിരിച്ചു പിടിക്കണം എന്ന നിശ്ചയദാർഢ്യവും എനിക്കുണ്ടായിരുന്നു…
അതിനുള്ള
പദ്ധതികളും
പരിപാടികളും
പ്രവർത്തനങ്ങളും
ആസൂത്രണം ചെയ്ത് നടപ്പിലാക്കിയുമാണ് മുന്നോട്ട് പോയത്…
എന്നാൽ ഈ തവണ അവിടെ മത്സരത്തിനായി നേതൃത്വം പരിഗണിച്ചത്
ശ്രീ ടി പി ഷാജിയെ യാണ്…
UDF ൻ്റെ കേരളത്തിലാകമാനമുള്ള ഈ വിജയ തേരോട്ടത്തിൽ എൻ്റെ പട്ടാമ്പിയും ഉണ്ടാവട്ടെ എന്ന് ഞാൻ ആശിക്കുന്നു…
കഴിഞ അഞ്ച് വർഷത്തെ പട്ടാമ്പി ജീവിതത്തിൽ
അവിടെത്തെ പ്രിയപ്പെട്ടവർ നൽകിയ പിന്തുണയും സ്നേഹവും ആ പ്രയാണത്തിന് കരുത്ത് പകർന്നതോടൊപ്പം
പാർട്ടി നേതാക്കളുടെ പിന്തുണയും വലിയ ഊർജ്ജമായിരുന്നു
അവരോടൊക്കെ നന്ദിയും കടപ്പാടും അറിയിക്കുന്നു…
ഒരിക്കൽ ശ്രീ എ കെ ആൻ്റണി സാറിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചത് പട്ടാമ്പിയിൽ ഉഷാറാക്കുന്നില്ലേ എന്നായിരുന്നു…
ശ്രീ രമേശ് ചെന്നിത്തല കാണുമ്പോഴെല്ലാം എന്നോട് ചോദിക്കാറ് പട്ടാമ്പിയിൽ തന്നെ ഇല്ലേ എന്നാണ്…
ചർക്ക ഏറ്റവും അവസാനം പട്ടാമ്പിയിൽ നടത്തിയ ഇരുപത്തിയഞ്ച് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടകനായ് അദ്ദേഹം വരാമെന്ന് ഏറ്റതായിരുന്നു ഡൽഹിയിലെ അടിയന്തിര മീറ്റിംഗ് കാരണം അന്ന് എത്താൻ അദ്ദേഹത്തിന് സാധിക്കാതിരുന്നതാണ്,വലിയ പിന്തുണയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്…
പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ കാണുമ്പോഴെല്ലാം പട്ടാമ്പിയിലെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്,
ചർക്ക ഒരു വർഷംമുമ്പ് പട്ടാമ്പിയിൽ വെച്ച് നടത്തിയ ഇരുപത്തിയഞ്ച് ഇലക്ട്രിക് വീൽചെയറുകളുടെ സ്നേഹ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത്
അന്ന് അദ്ദേഹം പറഞ്ഞ,
“എന്തൊരു പിന്തുണയാണ് പട്ടാമ്പി റിയാസിന് നൽകുന്നത്, എനിക്ക് അതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്..”
എന്ന വാക്കുകൾ
ആത്മവിശ്വാസത്തോടെ
അവിടെ മുന്നോട്ടു പോവാനുള്ള പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമായിരുന്നു എനിക്ക്…
കഴിഞ്ഞ പാർലിമെൻ്റ് തിരഞെടുപ്പ് സമയത്ത് എല്ലാ പഞ്ചായത്തിലും ഞാൻ വീടു കയറി പ്രചരണത്തിൽ ഏർപ്പെട്ടിട്ടുണ്ട്,
ആ സമയത്തെല്ലാം പ്രചരണ കാര്യങ്ങളിലെ പുരോഗതി ശ്രീ വി.കെ ശ്രീകണ്ഠൻ എം പി കൃത്യമായി അന്വേഷിക്കുമായിരുന്നു,
അന്ന് അദ്ദേഹം നൽകിയ പിന്തുണയും വളരെ വലുതാണ്…
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിലും കഴിവിൻ്റെ പരമാവധി മുഴുവൻ വാർഡിലും എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്, സ്ഥാനാർത്ഥികൾക്ക് എന്നാലാവും വിധമുള്ള സഹായ സഹകരണങ്ങൾ ചെയ്തു നൽകാൻ ശ്രമിച്ചിട്ടുണ്ട്,
അവരുടെയെല്ലാം
വലിയ സ്നേഹവും പിന്തുണയും എന്നും എപ്പോഴും കൂടെയുള്ളതാണ്…
മുൻ എം എൽ എ
ശ്രീ CP മുഹമ്മദ് നൽകിയ പിന്തുണ വിസ്മരിക്കാനാവാത്ത ഒന്നാണ്,
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹമാണ് ആദ്യം പറഞ്ഞത് ഇവിടം വിട്ട് പോവരുത് എന്ന്…
യതാർത്ഥത്തിൽ പട്ടാമ്പിയുടെ വികസന നായകൻ ബഹുമാന്യനായ ശ്രീ CPയാണ്
ആ പാത പിൻപറ്റണം എന്നത് തന്നെയായിരുന്നു ആഗ്രഹം…
രണ്ടായിരത്തി ഇരുപത്തിഒന്ന് മുതൽ
തുടർന്നിങ്ങോട്ട് ഈ നിമിഷം വരെ ഒരു പിതാവിൻ്റെ സ്നേഹം നൽകിയാണ് അദ്ദേഹം എന്നെ ചേർത്തുപിടിച്ചത്…
ശ്രീ ഷാഫി പറമ്പിൽ എംപി…
അദ്ദേഹത്തിൻ്റെ സ്വന്തം നാടുകൂടിയാണ്,
ഓരോ ചെറിയ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കുകയും,
ഉപദേശ നിർദേശങ്ങൾ നൽകുകയും എല്ലാക്കാലത്തുമുള്ള പോലെ ഒരു
സഹോദരനായ് തന്നെ
ചേർത്ത് നിർത്തുകയും ചെയ്തിട്ടുണ്ട്… അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ അടങ്ങുന്ന കുടുംബം ഓരോ ഘട്ടത്തിലും സ്വന്തം മകനോടെന്ന പോലെ അളവറ്റ സ്നേഹം നൽകിയാണ് ചേർത്തുനിർത്തിയത്
അവരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കാനാവുന്നതല്ല…
ചില പ്രതിസന്ധികളും പ്രയാസങ്ങളും കടന്നു വരുമ്പോൾ പട്ടാമ്പിയിൽ എന്നെ പിടിച്ചു നിർത്തിയത് അവിടെയുള്ള സാധാരണ മനുഷ്യർ നൽകിയ കരുതലും വാത്സല്യവും, പാർട്ടിയുടെ ഒരു ഭാരവാഹിത്വത്തിലും ഇല്ലാത്ത സാധാരണ പ്രവർത്തകർ നൽകിയ
കലർപ്പില്ലാത്ത പിന്തുണയുമാണ്…
ആ കടപ്പാട് ഈ നാടിനോട് എനിക്ക് എന്നുമുണ്ടാവും…
ഈ യാത്രയിലെ ഏറ്റവും വലിയ പിന്തുണയും കരുത്തും എൻ്റെ കുടുംബമായിരുന്നു
എല്ലാ പ്രയാസങ്ങളേയും ഉള്ളിലൊതുക്കി എനിക്ക് വേണ്ടി മാത്രം നിലകൊണ്ട എൻ്റെ പ്രിയപ്പെട്ട പാതി ദിൽന,
എൻ്റെ കുഞ്ഞുമക്കൾ ദിയാനും മെഹദും, സഹോദരങ്ങൾ,
മറ്റ് കുടുംബാംഗങ്ങൾ…
അവരുടെ സ്നേഹ കവചം ഇല്ലായിരുന്നെങ്കിൽ എനിക്ക് ഈ യാത്ര അസാധ്യമാകുമായിരുന്നു…
പലപ്പോഴും കുഞ്ഞുങ്ങൾക്ക് അസുഖം വരുമ്പോൾ ഓടിയെത്താൻ പറ്റുന്ന ദൂരത്തിലോ സാഹചര്യത്തിലോ ആയിരിക്കില്ല ഞാനുണ്ടാവുക…
നൂറ് ഡിഗ്രി പനിയിൽ പൊള്ളുമ്പോഴും ഉപ്പയെന്ന് ഉറക്കത്തിൽ പറയുന്ന മെഹദിൻ്റെ അടുത്ത് ഞാനെത്തുന്നത് പനിഭേതമായി അവൻ വീട്ടിലെത്തിയിട്ടാണ്…
ആ സങ്കടങ്ങളെയെല്ലാം
ഉള്ളിലൊതുക്കി,
എൻ്റെ ഇഷ്ടത്തോടൊപ്പം,
പ്രയാണത്തോടൊപ്പം
പൂർണ്ണമായി എനിക്ക് തണലായി നിന്നാണ് ദിൽന ഈ യാത്രയിൽ കൂട്ടായത്…
അഞ്ച് വർഷം…
ഞാൻ നൽകിയ വാക്ക്…
പട്ടാമ്പിയിലെ പ്രിയപ്പെട്ടർക്ക് നൽകിയ ഉറപ്പ്…
എല്ലാം
പാലിക്കാനായി എന്നതിൽ വലിയ
തൃപ്തിയുണ്ട്…
ഒരു പകലിൻ്റെ നിശബ്ദതക്ക് എൻ്റെ രാഷ്ട്രീയ ജീവിതത്തിന് വിലയിടാൻ നോക്കിയവരോട്
മൗനം മാത്രമാണ് എൻ്റെ പ്രതികാരം…
കോൺഗ്രസ്സ് എന്ന വികാരത്തിന് മുകളിൽവെക്കാൻ പറ്റുന്ന മറ്റൊന്നും എന്നിലില്ല…
ഒറ്റവാക്ക്…
റിയാസ് മുക്കോളി
ഒരു കോൺഗ്രസ്സുകാരനാണ്…
അതിന് അപ്പുറം ഒരലങ്കാരവും എനിക്കില്ല…
നന്ദി 🙏
