15 നിര്‍ദ്ദേശങ്ങള്‍ ഇറാൻ അംഗീകരിച്ചു ? യുദ്ധഭീതി അകലുന്നു; വെളിപ്പെടുത്തലുമായി ട്രംപ്

നിലവിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ചിന നിർദ്ദേശങ്ങളില്‍ മിക്കവയും ഇറാൻ അംഗീകരിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി.

പാകിസ്ഥാൻ മധ്യസ്ഥത വഹിച്ച ചർച്ചകളില്‍ നിർണ്ണായകമായ പുരോഗതി ഉണ്ടായതായും ഫിനാൻഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ചർച്ചകള്‍ അതീവ ഗൗരവത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഇതിന്റെ ഭാഗമായി പത്തോളം വലിയ കപ്പലുകളില്‍ ഇറാൻ എണ്ണ നല്‍കിക്കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
വരും ദിവസങ്ങളില്‍ കൂടുതല്‍ എണ്ണക്കപ്പലുകള്‍ കൂടി നീങ്ങിത്തുടങ്ങുമെന്നും ഇത് സമാധാന നീക്കങ്ങളോടുള്ള ഇറാന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ പരിപാടി പൂർണ്ണമായും നിർത്തലാക്കുന്നതിലാണ് അമേരിക്ക മുന്നോട്ടുവെച്ച പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക, നഥാൻസ്, ഫോർഡോ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക, അന്താരാഷ്ട്ര പരിശോധനകള്‍ക്ക് പൂർണ്ണ അനുമതി നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മേഖലയിലെ ഹിസ്ബുള്ള, ഹൂതികള്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് നല്കുന്ന സാമ്പത്തിക-ആയുധ സഹായങ്ങള്‍ ഇറാൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ആഗോള കപ്പല്‍ ഗതാഗതത്തിനായി തുറന്നിടണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നിബന്ധനകള്‍ പാലിക്കുന്ന പക്ഷം ഇറാനുമേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്കാൻ അമേരിക്ക തയ്യാറാണെന്നാണ് റിപ്പോർട്ടുകള്‍. അമേരിക്കയുടെ മേല്‍നോട്ടത്തില്‍ ഒരു സിവില്‍ ആണവ പരിപാടി നടത്തുന്നതിനും വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നതിനും ട്രംപ് ഭരണകൂടം പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. 2025-ലെ പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പായിട്ടാണ് ഈ നീക്കത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
