‘സ്വര്‍ണ്ണം കട്ടത് ആരപ്പാ..’: വേദിയില്‍ പാരഡി ഗാനം പാടി രാഹുല്‍ ഗാന്ധി, മോദിക്കും പിണറായിക്കുമെതിരെ കടുത്ത വിമര്‍ശനം

പത്തനംതിട്ട: കേരളത്തിലെ എല്‍ഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പത്തനംതിട്ടയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ‘സ്വർണ്ണക്കൊള്ള’ മുതല്‍ റബ്ബർ കർഷകരുടെ ദുരവസ്ഥ വരെ ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
പ്രസംഗത്തിനിടയില്‍ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി പരാമർശിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. “സ്വർണം കട്ടത് ആരപ്പാ?” എന്ന് രാഹുല്‍ ചോദിച്ചപ്പോള്‍ “സഖാക്കാളാണേ അയ്യപ്പാ” എന്ന് സദസ്സില്‍ നിന്ന് പ്രവർത്തകർ ഏറ്റുചൊല്ലി. മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ ക്ഷേത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നരേന്ദ്ര മോദി, കേരളത്തിലെത്തിയപ്പോള്‍ ശബരിമലയെക്കുറിച്ച് മിണ്ടാൻ തയ്യാറാകാത്തത് ബിജെപി-സിപിഎം ഒത്തുകളിയുടെ തെളിവാണെന്ന് അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നത് എന്ന് രാഹുല്‍ തുറന്നടിച്ചു. ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് മോദിക്ക് അറിയാവുന്നത് കൊണ്ടാണ് കേരളത്തില്‍ യുഡിഎഫിനെ തടയാൻ അദ്ദേഹം ശ്രമിക്കുന്നത്.
മോദി സർക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദാനിയാണെന്നും അമേരിക്കയില്‍ അദാനിക്കെതിരെ ഉയർന്ന കേസുകള്‍ യഥാർത്ഥത്തില്‍ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര കരാറുകളില്‍ മോദി അനാവശ്യ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നത്. കേരളത്തിലെ റബ്ബർ കർഷകരുടെ തകർച്ചയ്ക്ക് കാരണം എല്‍ഡിഎഫ് സർക്കാരാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് നല്‍കിയിരുന്ന സബ്സിഡികള്‍ എല്‍ഡിഎഫ് നിർത്തലാക്കി. കർഷക താല്പര്യങ്ങള് സംരക്ഷിക്കാൻ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ നട്ടെല്ല് സ്ത്രീകളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഡിഎഫ് മുന്നോട്ട് വെക്കുന്ന തിരഞ്ഞെടുപ്പ് ഗ്യാരന്റികള്‍ നടപ്പിലാക്കുമെന്നും ഉറപ്പ് നല്കി.
