കരുത്തായി ജനഹൃദയങ്ങളിലേക്ക്; ആവേശമായി കോട്ടക്കലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ദിന പര്യടനം

കോട്ടക്കൽ: വികസനത്തുടർച്ചയും ജനകീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് കോട്ടക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രീതി കോഞ്ചത്ത് നടത്തുന്ന തിരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വമ്പിച്ച ജനപിന്തുണയോടെ കാടാമ്പുഴ കൂട്ടാടമ്മലിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്.

രാവിലെ തന്നെ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർത്ഥിക്ക് ആവേശോജ്ജ്വലമായ വരവേൽപ്പാണ് കൂട്ടാടമ്മലിൽ നൽകിയത്. പൂച്ചെണ്ടുകൾ നൽകിയും മുദ്രാവാക്യം വിളിച്ചും തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയെ വോട്ടർമാർ സ്വീകരിച്ചു. മുതിർന്ന വോട്ടർമാരുടെ അനുഗ്രഹം വാങ്ങിയും യുവാക്കളോടും തൊഴിലാളികളോടും കുശലാന്വേഷണം നടത്തിയും മുന്നേറുന്ന പര്യടനം മണ്ഡലത്തിൽ എൽ.ഡി.എഫിന് അനുകൂലമായ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
വികസന ചർച്ചകൾ ഉയർത്തി പര്യടനം കഴിഞ്ഞ കാലങ്ങളിൽ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും കോട്ടക്കലിന്റെ സമഗ്ര മുന്നേറ്റത്തിനായുള്ള പുതിയ കർമ്മപദ്ധതികളും ജനങ്ങളുമായി പങ്കുവെച്ചാണ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നത്. കാർഷിക മേഖലയിലെ പുരോഗതിയും സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികളും വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്.
പര്യടനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ എൽ.ഡി.എഫ് നേതാക്കൾ സംസാരിച്ചു. വർഗീയതയ്ക്കും ജനവിരുദ്ധ നയങ്ങൾക്കും എതിരായ പോരാട്ടത്തിൽ കോട്ടക്കലിന്റെ മനസ്സ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് നേതാക്കൾ അവകാശപ്പെട്ടു. തുടരുന്ന ആവേശo കൂട്ടാടമ്മലിൽ നിന്ന് ആരംഭിച്ച പര്യടനം വിവിധ വാർഡുകളിലൂടെ കടന്നുപോയി വൈകുന്നേരം സമാപന കേന്ദ്രത്തിൽ എത്തുമ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ അണിനിരക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന സ്വീകാര്യത മണ്ഡലം തിരിച്ചുപിടിക്കാനുള്ള എൽ.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

