താനൂർ ബോട്ടപ്പകടം. മന്ത്രി അബ്ദുറഹ്മാന്റെ വാദം കളവെന്ന് ഇരകൾ

മലപ്പുറം : താനൂർ ബോട്ട് ദുരന്തത്തിലെ ഇരകൾക്ക് ഇത് വരെയും ചികിത്സാ സഹായം ലഭ്യമാക്കാത്ത സർക്കാർ നിലപാടിനെതിരെ ഇരകൾ വീണ്ടും രംഗത്ത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ നിലപാട് വീണ്ടും വിവാദമായ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് താനൂർ എം എൽ എ യും തിരൂരിലെ എൽ. ഡി. എഫ് സ്ഥാനാർഥിയുമായ വി. അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവനയാണ് ഇരകളെ വീണ്ടും ചൊടിപ്പിച്ചത്.22 പേർ അതി ദാരുണമായി മരണപ്പെട്ട ദുരന്തത്തിൽ ഗുരുതരമായി പരിക്ക് പറ്റുകയും മാനസിക ആഘാതം മൂലം നിത്യ രോഗികളാവുകയും ചെയ്ത പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഇരകൾക്ക് അസുഖം മാറുന്നത് വരെയുള്ള ചികിത്സയുടെ ചെലവ് പരിപൂർണ്ണമായും വഹിക്കുമെന്ന സർക്കാർ വാഗ്ദാനമാണ് പാഴ്വാക്കായത്.
എന്നാൽ കഴിഞ്ഞ ദിവസം തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ പത്ര സമ്മേളനത്തിൽ ചികിത്സയിലിരിക്കുന്ന എല്ലാ ദുരന്ത ബാധിതർക്കും ഇത് വരെയുള്ള മുഴുവൻ ചെലവും സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇപ്പോഴും കളക്ടറെ സമീപിച്ചാൽ സഹായം ലഭിക്കുമെന്നുമുള്ള വാദമാണ് വിവാദമയത്.

നിരവധി തവണ റവന്യൂ ഓഫീസുകളിലും കളക്ടറെറ്റിലും കയറി ഇറങ്ങിയിട്ടും നയാപൈസ പോലും അനുവദിച്ചിട്ടില്ല എന്നിരിക്കെ ജില്ലാ കളക്ടറെ സമീപിച്ചാൽ ഇപ്പോഴും ചികിത്സാ സഹായം ലഭ്യമാണെന്ന് അബ്ദുറഹ്മാൻ പറഞ്ഞത് പച്ചകള്ളമാണെന്നും ഇത് തങ്ങളെ ഏറെ വേദനിപ്പിച്ചതായും ഇരകൾ പറയുന്നു.
ബോട്ടപ്പകടത്തിൽ ഒരു കുടുംബത്തിലെ തന്നെ 11 പേർ മരണപ്പെട്ട കുടുംബ നാഥനും മത്സ്യ തൊഴിലാളിയുമായ ജാബിറാണ് സങ്കടം സഹിക്കാനാവാതെ പത്രക്കാരുടെ മുന്നിലെത്തി രോഷം പ്രകടിപ്പിച്ചത്.തന്നെയുമല്ല ദുരന്തത്തിന് ശേഷം ഒരിക്കൽ പോലും എം. എൽ. എ എന്ന നിലയിൽ വി. അബ്ദുറഹ്മാൻ തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ജാബിർ പറയുന്നു
ജാബിറിന്റെ രക്ഷപ്പെട്ട രണ്ട് മക്കളിൽ ജെർഷ എന്ന കുട്ടിയും പെങ്ങളുടെ മകളും ഇപ്പോഴും മാനസിക അസ്വസ്ഥതയും തളർച്ചയും ബാധിച്ച് ചികിത്സയിലാണ്.പല തവണ കളക്ടറേറ്റിലും മറ്റ് ഓഫീസുകളിലും കയറി ഇറങ്ങിയിട്ടും ഇത് വരെയും ഈ ഇനത്തിൽ ആർക്കും നയാ പൈസ അനുവദിച്ചിട്ടില്ല.
ബോട്ടുടമകൾക്കെതിരെ നിലവിലുള്ള കേസിൽ ദുരന്ത ബാധിതരുടെ കുടുംബം കൂടി കക്ഷി ചേർന്നതിനാൽ ഇരകൾക്ക് ചികിത്സാ സഹായംഅനുവദിക്കാനാവില്ലെന്നാണത്രെ കളക്ടർ ഒടുവിൽ അറിയിച്ചത്.ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് സംബന്ധിച്ച് വി. അബ്ദുറഹ്മാന്റെ നിറുത്തരവാദപരമായ നിലപാടിനെതിരെ ജനരോഷം ശക്തമാവുകയാണ്.
