Shobika

ഇനി ഡാറ്റയില്ലാതെയും ഫോണ്‍ ഉപയോഗിക്കാം; ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍വിളികള്‍ മാത്രമുള്ള റീചാര്‍ജിന് നിര്‍ദേശം

കൊച്ചി: രാജ്യത്ത് മൊബൈല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ ഉയർന്ന് സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിക്കുന്നതിനിടെ, വോയിസ് ആൻഡ് എസ്.എം.എസ് മാത്രം ഉള്‍പ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ നിർബന്ധമാക്കി ട്രായ് നടപടി സ്വീകരിച്ചു.

1 st paragraph

പുതിയ ഭേദഗതി പ്രകാരം, എല്ലാ ടെലികോം സേവനദാതാക്കളും വോയിസ് കോളുകളും എസ്.എം.എസ് സേവനങ്ങളും മാത്രം ഉള്‍പ്പെടുത്തിയ പ്രത്യേക താരിഫ് വൗച്ചറുകള്‍ അവതരിപ്പിക്കേണ്ടതായി വരും.

ഡാറ്റ സേവനങ്ങള്‍ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ നിർബന്ധിതമായി ഉയർന്ന നിരക്കുള്ള കോംബോ പ്ലാനുകള്‍ വാങ്ങേണ്ട സാഹചര്യം ഇതോടെ ഇല്ലാതാകും. മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനക്കാർക്കും സാധാരണ വോയിസ് സേവനങ്ങള്‍ മാത്രം ഉപയോഗിക്കുന്നവർക്കും ഇത് വലിയ ആശ്വാസമായി മാറും. ഈ വിഷയത്തില്‍ ലോക്സഭയില്‍ ശ്രദ്ധ ആകർഷിച്ചതിലൂടെ നിർണായക ഇടപെടല്‍ നടത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി.

2nd paragraph

2026 മാർച്ച്‌ 11ന് നടന്ന ലോക്സഭാ സമ്മേളനത്തില്‍, വോയിസ് സേവനങ്ങള്‍ മാത്രം ആവശ്യമായ ഉപഭോക്താക്കള്‍ക്കും ഡാറ്റ ഉള്‍പ്പെട്ട പ്ലാനുകള്‍ വാങ്ങേണ്ടി വരുന്ന സാഹചര്യം അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി ടെലികോം സഹമന്ത്രി അനുകൂല നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

ഡാറ്റ ഉള്‍പ്പെടുത്തിയ കോംബോ പ്ലാനുകള്‍ മാത്രം പ്രാധാന്യം നേടുകയും സാധാരണ ഉപയോക്താക്കള്‍ക്ക് ഉയർന്ന നിരക്കുകള്‍ നല്‍കേണ്ട സാഹചര്യം രൂപപ്പെടുകയും ചെയ്തതായി സുപ്രഭാതം 2025 ഒക്ടോബർ ആറിന് പ്രസിദ്ധീകരിച്ച വാർത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, മുമ്പ് സുപ്രഭാതം ഉയർത്തിക്കാട്ടിയ 28 ദിവസത്തെ റീചാർജ് കാലാവധി ‘തട്ടിപ്പ്’ വിഷയത്തിലും ഉടൻ മാറ്റം ഉണ്ടാകുമെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും കമ്പനികള്‍ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല.

ഡാറ്റ ഉപയോഗിക്കാത്തവർക്കും നിർബന്ധിതമായി ഡാറ്റ പ്ലാനുകള്‍ വാങ്ങേണ്ടിവരുന്ന അവസ്ഥയ്ക്കെതിരേ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. പ്രത്യേകിച്ച്‌ മുതിർന്ന പൗരന്മാർ, രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഉപയോക്താക്കള്‍, സ്മാർട്ട്ഫോണ്‍ ഉപയോഗം കുറവുള്ളവർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ‘ഉപയോഗിക്കാത്ത സേവനത്തിന് പണം നല്‍കേണ്ടിവരുന്നു’ എന്ന വിമർശനം ഉയർന്നു.

ഈ പശ്ചാത്തലത്തിലാണ് ലോക്സഭയില്‍ വിഷയം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി ഇടപെട്ടത്. ഡാറ്റ സേവനങ്ങള്‍ നിർബന്ധിതമായി പാക്കേജുകളില്‍ ഉള്‍പ്പെടുത്തുന്നത് ഉപഭോക്തൃ അവകാശലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് മാത്രം സേവനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ടെലികോം സേവനങ്ങളുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ ട്രായ് സാധാരണയായി നിയന്ത്രിത ഇടപെടലാണ് നടത്തുന്നത്. വിപണി മത്സരവും സേവനദാതാക്കളുടെ വ്യാപാര താല്‍പര്യങ്ങളും പരിഗണിച്ചാണ് വിവിധ പ്ലാനുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. എന്നിരുന്നാലും, ഉപഭോക്തൃ അവകാശ സംരക്ഷണം മുൻനിർത്തിയാണ് വോയിസ്-എസ്.എം.എസ് മാത്രമുള്ള പ്ലാനുകള്‍ നിർബന്ധമാക്കുന്ന പുതിയ ചട്ടം കൊണ്ടുവന്നത്.

ട്രായിയുടെ നിർദേശപ്രകാരം എല്ലാ ടെലികോം കമ്പനികളും കുറഞ്ഞത് ഒരു സ്പെഷല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി നല്‍കേണ്ടതാണ്. ഈ പ്ലാനുകളുടെ കാലാവധി പരമാവധി 365 ദിവസമായി നിശ്ചയിക്കാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.