‘ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി’; മുന്നറിയിപ്പുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു.

എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാൽ അത്തരം ഇടപെടലുകൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.

അധ്യാപക പരിശീലനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും മുൻ വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ എസ്എസ്കെയ്ക്കുള്ള ഫണ്ട് നിർത്തലാക്കിയിട്ട് വർഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകൾ വഴി സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നൽകും എന്ന കാര്യത്തിൽ തർക്കമില്ല. വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂവെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.