ഹോര്‍മുസ് ഉപരോധം ചര്‍ച്ച ചെയ്ത് ഇന്ത്യയും ഇറാനും; സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നത് അമേരിക്കയുടെ നിലപാട് മാറ്റം കാരണമെന്ന് അബ്ബാസ് അരഗ്ചി

ഹോര്‍മുസ് ഉപരോധം ചര്‍ച്ച ചെയ്ത് ഇന്ത്യയും ഇറാനും. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്ക് ഇടയിലാണ് അബ്ബാസ് അരഗ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദി, എസ്. ജയ്ശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നത് അമേരിക്കയുടെ നിലപാട് മാറ്റം കാരണമെന്നും വിമര്‍ശനമുണ്ടായി. യുഎസ് – ഇറാന്‍ ആണവ ചര്‍ച്ച എങ്ങുമെത്തിയില്ലെന്ന് വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി പറഞ്ഞു. തത്കാലം അമേരിക്കയുമയായി ആണവ ചര്‍ച്ചയില്ല. ആണവ ചര്‍ച്ചയില്‍ അമേരിക്കയുടെ നിലപാട് ഇറാന്‍ സംശയിക്കുന്നു. അമേരിക്കയെ വിശ്വാസമില്ല. ന്യായവും സന്തുലിതവുമായ കരാറിന് തയാറാണെന്ന് തോന്നുന്ന നിമിഷം അമേരിക്കയുമായി ചര്‍ച്ച നടത്തും. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം സംഭരിക്കാനുള്ള റഷ്യയുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുന്നു – അരഗ്ചി വ്യക്തമാക്കി.
ഇന്ത്യയുടെ സുവര്‍ണ്ണ കവാടമായി ചബഹാര്‍ മാറുമെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു. ചബഹാര്‍ തുറമുഖം ഇന്ത്യ-ഇറാന്‍ സഹകരണത്തിന്റെ പ്രതീകമാണ്. തുറമുഖ വികസനത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ട്. യുഎസ് ഉപരോധം വികസന പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. ഇന്ത്യ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഉറ്റ സുഹൃത്താണ്. ഈ മേഖലകളില്‍ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യക്ക് വലിയ പങ്കുവയ്ക്കാന്‍ സാധിക്കും.
അതിന് വേണ്ടിയുള്ള ഇന്ത്യയുടെ ക്രിയാത്മകമായ ഇടപെടലുകളെ സ്വാഗതം ചെയ്യുന്നു – അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യ പങ്കുവെച്ചു. എന്നാല്‍ പാതയിലെ ഉപരോധം ശത്രുക്കള്‍ക്ക് മാത്രമെന്നാണ് ഇറാന്‍ നിലപാട്. അതിനിടെ, സംയുക്ത ആയുധ നിര്‍മ്മാണം, ബഹിരാകാശ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യയും റഷ്യയും ചര്‍ച്ച ചെയ്തു.