ഇൻകാസ് ഖത്തര്‍ സെൻട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ കണ്‍വീനര്‍ സുരേഷ് ബാബുവിന് യാത്രയയപ്പ്

ദോഹ: ദീർഘകാലമായി ഖത്തറിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ വേദികളില്‍ സജീവ വ്യക്തിത്വമായ സെൻട്രല്‍ കമ്മിറ്റി വെല്‍ഫെയർ കമ്മിറ്റി കണ്‍വീനർ സുരേഷ് ബാബുവിന് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

ഐ.സി.സി കൊച്ചി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി സഹപ്രവർത്തകരും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് അബ്ദുള്ള കെ.ടി.കെ അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഖത്തർ സെൻട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പുറായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു ഖത്തറില്‍ നടത്തിയ പ്രവർത്തനങ്ങളും സംഘടനയ്ക്കു നല്‍കിയ സേവനങ്ങളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രല്‍ കമ്മിറ്റി രക്ഷാധികാരി കെ.കെ ഉസ്മാൻ ആശംസാപ്രസംഗം നടത്തി. കോണ്‍ഗ്രസ് ആശയങ്ങളില്‍ നിഷ്ഠയുള്ള നേതാവെന്ന നിലയില്‍ സുരേഷ് ബാബു മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സെൻട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്, അഷറഫ് വടകര, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ധീഖ് സി.ടി, സോമൻ ചേട്ടാത്ത്, ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി നബീല്‍ വാണിമേല്‍, സീനിയർ നേതാവ് ഷീജിത്, ജില്ലാ ഭാരവാഹികള്‍, മണ്ഡലം കമ്മിറ്റികളുടെ നേതാക്കള്‍ എന്നിവർ ഉള്‍പ്പെടെ നിരവധി പേർ ആശംസകള്‍ നേർന്ന് സംസാരിച്ചു. ജില്ലാ കമ്മിറ്റി നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പിന് സുരേഷ് ബാബു മറുപടി പ്രസംഗത്തില്‍ കൃതജ്ഞത അറിയിച്ചു.ഇൻകാസ് കോഴിക്കോട് ജില്ലാജനറല്‍ സെക്രട്ടറി ഹരീഷ് കുമാർ സ്വാഗതവും ട്രഷറർ ഷാഹിദ് വി.പി നന്ദിയും പറഞ്ഞു.
