എഐ ചാറ്റ്ബോട്ടുകള്‍ സുഹൃത്തുക്കളല്ല; സ്വകാര്യ വിവരങ്ങള്‍ പങ്കിടുന്നതില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടുകളുടെ ഉപയോഗം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തില്‍, അവയെ യഥാർത്ഥ സുഹൃത്തുക്കളായോ വിശ്വസ്ത കൂട്ടാളികളായോ കാണരുതെന്ന് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്ന മെസേജിങ് പ്ലാറ്റ്ഫോമായ സിഗ്നലിന്റെ പ്രസിഡന്റ് മെറിഡിത്ത് വിറ്റേക്കർ മുന്നറിയിപ്പ് നല്കി.

ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയ എഐ ചാറ്റ്ബോട്ടുകള്‍ മനുഷ്യരോട് സൗഹൃദപരമായി പെരുമാറുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെങ്കിലും അവയ്ക്ക് വികാരങ്ങളോ ബോധമോ ഇല്ലെന്ന് അവർ വ്യക്തമാക്കി.
ബ്ലൂംബെർഗിന് നല്കിയ അഭിമുഖത്തിലാണ് വിറ്റേക്കർ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. “എഐ ചാറ്റ്ബോട്ടുകള്‍ നിങ്ങളുടെ സുഹൃത്തുക്കളല്ല. ഇവയ്ക്ക് ബോധമോ സ്വതന്ത്രമായ ചിന്താശേഷിയോ ഇല്ല. പരിശീലന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എഐ ചാറ്റ്ബോട്ടുകള്‍ പ്രതികരിക്കുന്നത്,” എന്നാണ് മെറിഡിത്ത് വിറ്റേക്കർ പറഞ്ഞത്.

എഐ ചാറ്റ്ബോട്ടുകളുടെ പ്രവർത്തനം അവ വികസിപ്പിച്ച കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും മെറിഡിത്ത് വിറ്റേക്കർ ചൂണ്ടിക്കാട്ടി. ഉപയോക്താക്കള്‍ക്ക് പലതരം കാര്യങ്ങള്‍ ചോദിക്കാനും പങ്കുവെക്കാനും കഴിയുമെങ്കിലും, ആ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതില്‍ അന്തിമ തീരുമാനാധികാരം സേവനം നടത്തുന്ന കമ്പനിക്കാണെന്ന് വിറ്റേക്കർ വ്യക്തമാക്കി.
സമീപകാലത്ത് ചില ഉപയോക്താക്കള്‍ എഐ ചാറ്റ്ബോട്ടുകളുമായി മാനസിക അടുപ്പം സ്ഥാപിക്കുന്ന സംഭവങ്ങള്‍ വർധിച്ചതും ഈ മുന്നറിയിപ്പിന് കാരണമായിട്ടുണ്ട്. ഈ വർഷം ആദ്യം, സൗഹൃദപരമായ സ്വഭാവത്തിന് പേരുകേട്ട GPT-4o മോഡല്‍ പിൻവലിച്ചപ്പോള്‍ ചില ഉപയോക്താക്കള്‍ ശക്തമായ നിരാശ പ്രകടിപ്പിച്ചിരുന്നു.
സ്വന്തം ആവശ്യങ്ങള്‍ക്ക് എഐ ഉപയോഗിക്കാറുണ്ടെങ്കിലും, ചിന്തിക്കേണ്ട വിഷയങ്ങളിലോ ആശയങ്ങള്‍ വികസിപ്പിക്കേണ്ട സാഹചര്യങ്ങളിലോ താൻ ചാറ്റ്ബോട്ടുകളെ ആശ്രയിക്കാറില്ലെന്ന് വിറ്റേക്കർ പറഞ്ഞു. “ഒരു ആശയം മനസിലാക്കുന്നതിനും അതിനെ വികസിപ്പിക്കുന്നതിനുമുള്ള മാനസിക പരിശ്രമം എഐയുടെ റെഡി-മെയ്ഡ് ഉത്തരങ്ങള്‍ ഇല്ലാതാക്കരുത്,” എന്നാണ് മെറിഡിത്ത് വിറ്റേക്കറുടെ അഭിപ്രായം.
അതേസമയം, ഉപയോക്താക്കളുടെ ചാറ്റുകള്‍ കമ്പനികള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മെറിഡിത്ത് വിറ്റേക്കർ മുന്നറിയിപ്പ് നല്കി. ഇതിലൂടെ പരസ്യദാതാക്കളുടെ താല്പര്യങ്ങള്ക്ക് അനുസൃതമായി മറുപടികള്‍ ക്രമീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മെറിഡിത്ത് വിറ്റേക്കറുടെ ആശങ്ക.
എഐ സഹായികള്‍ക്ക് ബാങ്ക് കാർഡുകള്‍, ബ്രൗസിങ് ഹിസ്റ്ററി, മെസേജുകള്‍, കലണ്ടർ, വിലാസം തുടങ്ങിയ വിവിധ സേവനങ്ങളിലേക്കുള്ള വ്യാപകമായ പ്രവേശനം നല്കുന്ന ആശയത്തെയും വിറ്റേക്കർ ശക്തമായി വിമർശിച്ചു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ സ്വകാര്യതയ്ക്കും വ്യക്തിഗത നിയന്ത്രണത്തിനും വലിയ വെല്ലുവിളിയാകാമെന്നാണ് മെറിഡിത്ത് വിറ്റേക്കറുടെ മുന്നറിയിപ്പ്.
