Main Banner

സ്കൂള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് വാങ്ങിയത് ഒ‍ഡീഷയില്‍ നേരിട്ട് പോയി; ‘നാലു ദിവസത്തെ മെനക്കേടാണ് സര്‍, സാധനം തിരിച്ചു തരണ’മെന്ന് പിടിയിലായ വിദ്യാര്‍ഥികള്‍

പാലക്കാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന് തൊട്ടുതലേന്ന് മീനാക്ഷിപുരത്ത് സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെട്ട വൻ കഞ്ചാവ് വേട്ട.

1 st paragraph

ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 3.5 കിലോഗ്രാം കഞ്ചാവുമായി മൂന്ന് സ്കൂള്‍ വിദ്യാർഥികളെയും അവർക്ക് സഹായം നല്‍കിയ ഒരു യുവാവിനെയുമാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരും.

മീനാക്ഷിപുരം ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാർഥികളെ പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.പത്താം ക്ലാസുകാരനായ 15 വയസ്സുകാരന്റെ സ്കൂള്‍ ബാഗില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ഒപ്പമുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥികളായ രണ്ട് 17-കാരന്മാരുടെ ബാഗുകളില്‍ നിന്നായി 1.5 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതൊക്കെയെന്ന് വിദ്യാർഥികള്‍ പൊലീസിനോട് സമ്മതിച്ചു.

2nd paragraph

മുൻപ് കേരളത്തില്‍ അതിഥിത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന, മലയാളം അറിയാവുന്ന ഒരു ഒഡീഷ സ്വദേശിയുമായി പത്താം ക്ലാസുകാരൻ ഇൻസ്റ്റാഗ്രാം/ഫേസ്ബുക്ക് വഴി സൗഹൃദത്തിലാവുകയായിരുന്നു. ഒഡീഷയില്‍ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ലഭിക്കുമെന്ന് മനസ്സിലാക്കിയ കുട്ടി, ഈ ഒഡീഷ സ്വദേശിയുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള മറ്റ് രണ്ട് പ്ലസ് ടു വിദ്യാർഥികളെയും നെന്മാറ സ്വദേശിയായ 19-കാരനെയും പരിചയപ്പെട്ടു. പരസ്പരം മുൻപരിചയമില്ലാത്ത ഇവർ ലഹരിക്കടത്തിനായി സമൂഹമാധ്യമങ്ങളിലൂടെ ഒന്നിക്കുകയായിരുന്നു.

കൂട്ടുകാരന്റെ വീട്ടില്‍ നില്‍ക്കാൻ പോകുന്നു എന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് വിദ്യാർഥികള്‍ ഇറങ്ങിയത്. തുടർന്ന് 19-കാരനൊപ്പം കോയമ്പത്തൂരിലെത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗ്ഗം ഒഡീഷയില്‍ നേരിട്ട് പോയി കഞ്ചാവ് വാങ്ങുകയുമായിരുന്നു. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോഴാണ് ഇവർ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത സമയത്ത്, “നാല് ദിവസത്തെ മെനക്കേടാണ് സാർ, സാധനം തിരിച്ചു തരണം” എന്ന് വിദ്യാർഥികളിലൊരാള്‍ പൊലീസിനോട് ആവശ്യപ്പെട്ടത് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചു.

പിടിയിലായ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയും കോടതി നിർദ്ദേശപ്രകാരം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഇവർക്ക് വഴികാട്ടിയായി കൂടെപ്പോയ നെന്മാറ സ്വദേശിയായ 19 വയസ്സുകാരനെ ജില്ലാ ജയിലില്‍ റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നില്‍ മറ്റ് ലഹരി മാഫിയകള്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.