Main Banner

മഹാരാഷ്ട്ര മുതൽ തുഞ്ചൻ മണ്ണുവരെ; സ്മരണീയമായ അധ്യാപന യാത്രയ്ക്കൊടുവിൽ ഡോ. പ്രജിത്ത് ചന്ദ്രൻ വിരമിച്ചു

തിരൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെക്കാലം മാതൃകാപരമായ സേവനമനുഷ്ഠിച്ച തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ. പ്രജിത്ത് ചന്ദ്രൻ ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു. അധ്യാപകൻ, ഗവേഷകൻ, മികച്ച ഭരണാധികാരി എന്നീ നിലകളിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം, ടി.എം.ജി കോളേജിന്റെ ചരിത്രത്തിൽ തന്റേതായ മുദ്ര പതിപ്പിച്ചാണ് പടിയിറങ്ങുന്നത്.
​മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ശ്രീവർദ്ധനിലുള്ള ഗ്രാമീണ മേഖലയിൽ നാല് വർഷത്തെ സേവനത്തോടെയാണ് ഡോ. പ്രജിത്ത് ചന്ദ്രൻ തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മുംബൈയിൽ ആറ് വർഷം സേവനമനുഷ്ഠിച്ചു. ഇതര സംസ്ഥാനങ്ങളിലെ പത്ത് വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷമാണ് 2007 ജനുവരി 24-ന് അദ്ദേഹം തിരൂർ ടി.എം.ജി കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം അധ്യാപകനായി ചുമതലയേൽക്കുന്നത്. തുടർന്നിങ്ങോട്ട് രണ്ട് പതിറ്റാണ്ടോളം നീണ്ട സംഭവബഹുലമായ ഒരു ജ്ഞാനയാത്രയ്ക്കാണ് തിരൂർ സാക്ഷ്യം വഹിച്ചത്.
​തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ മലപ്പുറം ഗവൺമെന്റ് കോളേജ്, കോഴിക്കോട് വെസ്റ്റ് ഹില്ലിലെ കേരള ഗവൺമെന്റ് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ രജിസ്ട്രാർ എന്ന ഉന്നത പദവിയും അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു. ഓരോ സ്ഥാപനവും തന്നെ ഏറെ സമ്പന്നമാക്കിയതായും എന്നാൽ ടി.എം.ജി കോളേജാണ് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദീർഘമേറിയതും പ്രിയപ്പെട്ടതുമായ അധ്യായമെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
​കോളേജ് സ്റ്റാഫ് ക്ലബ്, പി.ടി.എ, അലുമിനി അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശ്യാംചന്ദ് എസ്.എസ്. അധ്യക്ഷത വഹിച്ചു.
​വൈസ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ എം.പി., അലുമിനി പ്രസിഡന്റ് മെഹർഷ കളരിക്കൽ, പി.ടി.എ. വൈസ് പ്രസിഡന്റ് മുജീബ് എം.പി., മേജർ ഷുക്കൂർ ഇല്ലത്ത്, ഡോ. അബ്ദുൽ ജലീൽ, ഡോ. ജൽസിയ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

1 st paragraph