‘കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല’; എംവി ഗോവിന്ദൻ

വയനാട് കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മല ഇടിച്ചിലാണ് ഉണ്ടായത്. പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല. പദ്ധതിപ്രദേശത്തുള്ള ആളുകളെ പുനരധിവസിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്ക് അനുമതി നൽകിയത് കേന്ദ്ര സർക്കാരാണ്. ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണം. ഫലപ്രദമായ രീതിയിൽ പദ്ധതി കൈകാര്യം ചെയ്യണം. യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കള്ളാടി ദുരന്തഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതേസമയം ദുരന്തത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ മീനാക്ഷി പാലത്തിന് സമീപത്ത് നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയും എസ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.സോൺ ഒന്നിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.
സോൺ ഒന്നിലും രണ്ടിലുമാകും ഇന്ന് കേന്ദ്രീകരിച്ചു പരിശോധന നടത്തുക എന്ന് റവന്യു മന്ത്രി എ പി അനിൽകുമാർ അറിയിച്ചു. കാണാതായവർക്കുള്ള തിരച്ചിൽ മൂന്നാംദിനവും തുടരുകയാണ്. നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ പരുക്കേറ്റ് ഏഴ് പേരാണ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

