വിയറ്റ്നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവർ ഉൾപ്പെടെ പതിനഞ്ച് ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്.

ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ഇന്ന് വൈകിട്ട് 6 മണിക്ക് വിയറ്റ്നാമിൽ നിന്ന് പുറപ്പെടും. രാത്രി 9.35 ന് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും. വിയറ്റ്നാം എയർലൈൻസ് വിമാനം VN 979ലാണ് മൃതദേഹങ്ങൾ കൊണ്ടുവരുന്നത്. സംസ്ഥാന സർക്കാരുകളെ വിവരം അറിയിച്ചിട്ടുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുംബൈയിൽ നിന്ന് മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.
മെഡിക്കൽ കമ്പനിയുടെ സ്പോൺസേർഡ് വിനോദയാത്രയിൽ പങ്കെടുക്കാനാണ് ഏഴാം തീയതി എസി തോമസും ഭാര്യ ലൗനിയും യാത്രതിരിച്ചത്. ട്രെയിൻ മാർഗ്ഗം ചെന്നൈയിലെത്തിയ ഇരുവരും വിമാനമാർഗ്ഗം വിയറ്റ്നാമിലെത്തി. കുടുംബാംഗങ്ങളെ വിയറ്റ്നാമിലെത്തിയതിന് ശേഷവും, ഇരുവരും വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ബോട്ട് യാത്രയ്ക്ക് തൊട്ടുമുൻപുള്ള സന്തോഷം, സന്ദേശമായി എ സി തോമസ് ഫാമിലി ഗ്രൂപ്പിൽ അയക്കുകയും ചെയ്തതിന് പിന്നാലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

