Main Banner

കുറ്റിപ്പുറത്ത് വൻ രാസലഹരി വേട്ട; അരകിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് അര കിലോ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടില്‍ മുഫാസിർ (33) നെയാണ് കുറ്റിപ്പുറം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് വൻതോതില്‍ മാരക ലഹരി മരുന്നുമായി പിടികൂടിയത്.

1 st paragraph

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളില്‍ ഹൈവേ കേന്ദ്രീകരിച്ച്‌ ആഢംബര വാഹനത്തില്‍ കറങ്ങിനടന്ന് വൻ തോതില്‍ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഫാസിർ എന്ന് പോലീസ് പറഞ്ഞു. മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച വിവരത്തെത്തുടർന്ന് കുറ്റിപ്പുറം മഞ്ചാടിയില്‍ വച്ചാണ് പോലീസ് സംഘം യുവാവിനെ പിടികൂടിയത്. ആഢംബര വാഹനത്തിലെ സ്റ്റെപ്പിനി ടയറില്‍ മഗ്നറ്റില്‍ സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞു വാഹനത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ചില്ലറ വിപണിയില്‍ 25 ലക്ഷം രൂപ വില വരുന്ന 493.16 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

2024 ല്‍ മലപ്പുറം, കല്‍പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളില്‍ വാണിജ്യാടിസ്ഥാനത്തില്‍ എംഡിഎംഎ വില്‍പ്പന നടത്തിയതിന് പിടിയിലായി. ഇയാള്‍ രണ്ടുവർഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് വീണ്ടും ലഹരി വില്‍പ്പന തുടങ്ങിയത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ഉപഗോഗിച്ച ആഢംബര വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിക്ക് എംഡിഎംഎ കടത്തുന്നതിന് സാന്പത്തിക സഹായം ഉള്‍പ്പെടെ ചെയ്തവരെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.

2nd paragraph

തിരൂർ ഡിവൈഎസ്പി എ.എം. സിദീഖ്, നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി എൻ.ഒ. സിബി എന്നിവരുടെ മേല്‍നോട്ടത്തില്‍ കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, എസ്‌ഐ കെ.എസ്. സുധീർ, പോലീസ് ഉദ്യോഗസ്ഥരായ സുധീർ, സനീഷ്, ലിബിൻ, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്‌ഐമാരായ രാജേഷ്, ജയപ്രകാശ്, സിപിഒ ശ്രീഷ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.