Main Banner

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

1 st paragraph

അതേസമയം വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.

2nd paragraph

ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പൊലീസ് സേനയെ ഉടന്‍ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാര വാഹനങ്ങള്‍ക്കും പ്രവേശനം പൂര്‍ണമായും തടയണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.