നടന് ദേവന് ടിവികെയിലേക്ക്; സംസ്ഥാന അധ്യക്ഷനായി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവന്

ബിജെപി വിട്ട നടന് ദേവന് ടിവികെയിലേക്ക്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബറില്‍ ടിവികെയുടെ ഭാഗമാകുമെന്നും സംസ്ഥാന അധ്യക്ഷനായാണ് തന്നെ പരിഗണിക്കുന്നത് എന്നും ദേവന് പറഞ്ഞു.

ടിവികെയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ കഴിഞ്ഞുവെന്ന് ദേവന് പറഞ്ഞു. ധാരണയിലെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 10ന് വിജയുമായി ഒരു മീറ്റിംഗ് ഉണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. നടി പ്രിയങ്കയാണ് അവര്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുത്ത് കൂട്ടിക്കൊണ്ടുവന്നത്. ഇതാണ് കുറച്ച് കൂടി പ്രായോഗികമായിട്ട് തോന്നുന്നത്. സംസ്ഥാന അധ്യക്ഷനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് – ദേവന് പറഞ്ഞു.
ചര്‍ച്ചകള്‍ നേതൃത്വം നല്‍കിയത് താനാണെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും നടി പ്രിയങ്ക പ്രതികരിച്ചു.

നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ദേവന് ബിജെപി വിട്ടത്. ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തില്‍ ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചത് വലിയ റെസ്പോണ്‍സ്. സംസ്ഥാനത്ത് ഇപ്പോഴുള്ളത് രാഷ്ട്രീയവല്‍ക്കരിച്ച ഭീകരവാദം. ഇതിനെ നേരിടുന്നതില്‍ ബിജെപി നേതൃത്വം പരാജയം. അതുകൊണ്ടാണ് പാര്‍ട്ടിവിട്ടത്. തന്റെ പഴയ പാര്‍ട്ടി പുനരുജീവിപ്പിച്ച് ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ദേവന് വ്യക്തമാക്കി.
തൃശൂരും പുതുക്കാടും അസംബ്ലി സീറ്റുകള്‍ വാഗ്ദാനം ചെയ്തു. അവസാനഘട്ടത്തില്‍ തന്നെ മാറ്റി മറ്റു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജീവ് ചന്ദ്രശേഖരനെ ബന്ധപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല. എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് ആരും പറഞ്ഞില്ല. തന്റെ അഭിപ്രായങ്ങള്‍ കേട്ടതുമില്ല. നേതൃത്വങ്ങളെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ടും ഫലമുണ്ടായില്ലെന്നും ദേവന് പറഞ്ഞു. ഒരു സ്ഥാനത്തിന് വേണ്ടി വന്ന വ്യക്തിയല്ല താന്‍. അതുകൊണ്ടുതന്നെ കടിച്ചുതൂങ്ങി നില്ക്കാന് സാധിക്കില്ല. ഇയാള്‍ ആരാണ് എന്ന് അവര്‍ മനസിലാക്കണ്ടേ. വര്‍ക്ക് ചെയ്യാന്‍ ഒരു സംവിധാനം ഉണ്ടാക്കണം. പ്രവര്‍ത്തിക്കാന്‍ ഒരു സ്പെയ്സ് വേണം. അതില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നും നടന് ദേവന് വ്യക്തമാക്കി.
