Main Banner

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 1,250 ആയി, 4000 പേര്‍ ഇപ്പോഴും കാണാമറയത്ത്

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,250 ആയി ഉയര്‍ന്നു. 4000 ഓളം പേര്‍ ഇപ്പോഴും കാണാ മറയത്താണ്. കാണാതായവരില്‍ 583 പേര്‍ വിദേശ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായാണ് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച എട്ട് ജില്ലകളില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.

1 st paragraph

നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ചിറ്റവാന്‍ ജില്ലയില്‍ നിന്ന് 348 മൃതദേഹങ്ങളും, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 218-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 208-ഉം, നുവകോട്ടില്‍ നിന്ന് 155-ഉം മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. അതുപോലെ റാസുവയില്‍ നിന്ന് 127-ഉം ഗോര്‍ഖയില്‍ നിന്ന് 69-ഉം, ധാഡിംഗില്‍ നിന്ന് 60-ഉം, തനഹൂവില്‍ നിന്ന് 38-ഉം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യ അടക്കം വിദേശ രാജ്യങ്ങളുടെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. എന്നാല്‍ പ്രളയമുണ്ടായി ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നത് പ്രതിസന്ധിയാണ്. അതിനാല്‍ തന്നെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിലും ആശങ്ക തുടരുകയാണ്. അതേസമയം മിന്നല്‍ പ്രളയം ബാധിച്ച ടിബറ്റ് മേഖലയില്‍ മരണസംഖ്യ 21 ആയി. 541 പേരെയാണ് ഇനിയും അവിടെ കണ്ടെത്താനുള്ളത്.

2nd paragraph

നേപ്പാളിലെ മിന്നല്‍ പ്രളയ ദുരന്തവും യൂറോപ്പിലെ കാട്ടുതീയും കാലാവസ്ഥാ വ്യതിയാനം വരുത്തിവെക്കുന്ന ആഘാതങ്ങളിലേക്കും ചെലവുകളിലേക്കും ശ്രദ്ധ തിരിക്കാന്‍ കാരണമാകണമെന്ന് ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ഫണ്ടിന്റെ തലവന്‍ ഇന്നലെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തിരിച്ചുവരാനാകാത്ത നിര്‍ണായക ഘട്ടങ്ങളിലേക്ക് (tipping points) ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന കാര്യം പല രാജ്യങ്ങളും മനസ്സിലാക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ‘ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടി’ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മഫാല്‍ഡ ഡുവര്‍ട്ടെയും പറഞ്ഞു.

ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനുള്ള മുന്‍ഗണന കുറയുന്നതായാണ് കാണുന്നത്. പകരം സംഘര്‍ഷങ്ങളും മറ്റ് അടിയന്തര പ്രതിസന്ധികളുമാണ് മുന്‍ഗണന നേടുന്നത് എന്നാണ് അവര്‍ എഎഫ്പിയോട് പറഞ്ഞത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുണ്ടാകുമ്പോള്‍ അതിനുള്ള സാമ്പത്തിക സമാഹരണം നടക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ കാലാവസ്ഥാ വിഷയത്തില്‍ അത്തരമൊരു പ്രതികരണം കാണുന്നില്ലെന്നും എന്തോ നമുക്ക് കാത്തിരിക്കാന്‍ സമയമുണ്ടെന്ന മട്ടിലാണത് പോക്കെന്നും അവര്‍ ചൂണ്ടിക്കാട്ടി.