സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആര്‍ഐ

കൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാന്‍ സഹായിക്കുന്ന ‘മത്സ്യമെട്രി’ മൊബൈല്‍ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).

മത്സ്യയിനങ്ങളുടെ സ്റ്റോക് അസസ്മെന്റും വിവരശേഖരണവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
മീനുകളുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി, അവയുടെ അളവുകള്‍ തിട്ടപ്പെടുത്താന്‍ ആപ്പ് വഴി സാധിക്കും. ഒരേ ഇനത്തില്‍പ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകള്‍ ഒരൊറ്റ സാമ്പിളിങ് സെഷനില്‍ തന്നെ ആപ്പില്‍ രേഖപ്പെടുത്താം. ഈ വിവരങ്ങള്‍ ഓട്ടോമാറ്റിക് വര്‍ഗീകരണം നടത്തി ശാസ്ത്രീയ പഠനങ്ങള്‍ക്കായി പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.

ഫീല്‍ഡ് സര്‍വേകളിലെ മത്സ്യവിവര ശേഖരണം ലളിതമാക്കാന്‍ ‘മത്സ്യമെട്രി’ ആപ്പ് സഹായിക്കുമെന്ന് സിഎംഎഫ്ആര്‍ഐ. ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. സിഎംഎഫ്ആര്‍ഐ.യിലെ സീനിയര്‍ സയന്റിസ്റ്റും ഐസിഎആര്‍ നാഷണല്‍ ഫെലോയുമായ ഡോ എല്‍ദോ വര്‍ഗീസ് ആണ് ആപ്പ് വികസിപ്പിച്ചത്.
എആര്‍ കോര്‍ പിന്തുണയുള്ള ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കും. ഫോണ്‍ ക്യാമറ മീനുകള്‍ക്ക് നേരെ പിടിക്കുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന മെഷറിങ് ഗൈഡ് വഴിയാണ് നീളവും വീതിയും അളക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഐസിഎആര്‍ നാഷണല്‍ ഫെലോ പ്രൊജക്റ്റിന്റെ ഭാഗമായാണ് ഇത് തയ്യാറാക്കിയത്.
