മെസ്സിയുടെ പേരിൽ തട്ടിപ്പ്: റിപ്പോർട്ടർ കമ്പനിക്ക് ലഭിച്ച 213 കോടി വായ്പയെന്ന വാദം തള്ളി ജിഎസ്ടി എസ്ഐടി

കൊച്ചി: പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരുപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ 213 കോടി രൂപ വായ്പയാണെന്ന മാനേജ്മെന്റിന്റെ വാദം നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കമ്പനിയുടെ അക്കൗണ്ടിലേക്ക് വിവിധ സ്രോതസ്സുകളിൽ നിന്നായി എത്തിയ 213 കോടി രൂപ വായ്പയാണെന്ന വാദത്തിന് കൃത്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇതിനിടെ, ഒരു പ്രമുഖ ചിട്ടി സ്ഥാപനം 137.15 കോടി രൂപ കമ്പനിക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുകയിൽ 100 കോടി രൂപയുടെ ഇടപാടിന് മാത്രമാണ് റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഔദ്യോഗിക അനുമതി നൽകിയിട്ടുള്ളത്. അവശേഷിക്കുന്ന 37.15 കോടി രൂപ ഏത് വഴിയിലൂടെയാണ് അക്കൗണ്ടിലെത്തിയതെന്നോ എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്നോ ഉള്ള കാര്യത്തിൽ വ്യക്തത നൽകാൻ കമ്പനിക്ക് സാധിക്കാത്തത് ഇടപാടുകളിലെ ദുരൂഹത വർധിപ്പിക്കുന്നു.
മെസ്സിയുടെ പേരിൽ നടന്ന വൻ സാമ്പത്തിക ഇടപാടുകളെയും നികുതി വെട്ടിപ്പുകളെയും കുറിച്ച് അന്വേഷിക്കുന്ന ജിഎസ്ടി എസ്ഐടി, അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നിയമവിരുദ്ധമായി പണം കൈമാറിയതിനും സാമ്പത്തിക ക്രമക്കേടുകൾക്കും എതിരെ വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.

