‘ആശ’ ഒരു നിരാശ: സാധ്യതകൾ പാഴാക്കിയ ഒരു സിനിമാനുഭവം

ആദ്യം തന്നെ പറയട്ടെ —
ഇത് ഒരു സിനിമാ നിരൂപണമല്ല. വിമർശനവുമല്ല.ഒരു സാധാരണ പ്രേക്ഷകയായി, സിനിമയെ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഒരാളായി, ഇന്നലെ തീയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ തോന്നിയ എന്റെ മാത്രം അഭിപ്രായമാണിത്.

ഉർവശി എന്ന നടിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവരുടെ അഭിനയത്തിൽ എന്നും ഒരു പ്രത്യേകതയുണ്ട്. ചില കഥാപാത്രങ്ങളെ ഉർവശി അവതരിപ്പിക്കുമ്പോൾ നമ്മൾ കഥാപാത്രത്തെ കാണുകയല്ല… ആ കഥാപാത്രത്തോടൊപ്പം ജീവിക്കുകയാണ്.
അതുപോലെ തന്നെ ജോജു ജോർജ്, വിജയരാഘവൻ — അഭിനയത്തിന്റെ കാര്യത്തിൽ മലയാളികൾക്ക് വലിയ പ്രതീക്ഷയുള്ള പേരുകൾ. ഇന്നത്തെ തലമുറയിലെ നടിമാരിൽ സ്വന്തമായൊരു ഇടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മിയും.ഇത്രയും മികച്ച അഭിനേതാക്കൾ ഒരുമിച്ചൊരു സിനിമ വരുമ്പോൾ പ്രതീക്ഷിക്കാതിരിക്കാനാവുമോ?
അതിന് മുകളിൽ സിനിമയുടെ പ്രൊമോഷനുകളും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളും കണ്ടപ്പോൾ “ഇത് എന്തോ വ്യത്യസ്തമായിരിക്കും” എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.അങ്ങനെയാണ് ഇന്നലെ ആശ കാണാൻ പോയത്.പക്ഷേ തീയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ മനസ്സിൽ വന്ന ആദ്യ വാക്ക് —

“ആശ… ഒരു നിരാശയായിപ്പോയി.”
സിനിമ പറയാൻ ശ്രമിച്ച ആശയം മോശമാണെന്ന് ഞാൻ പറയുന്നില്ല.
മറിച്ച്, പറയാൻ ശ്രമിച്ച കാര്യത്തിൽ നല്ല സാധ്യതകളുണ്ടായിരുന്നു. കഥയുടെ അടിസ്ഥാന ആശയത്തിലും കഥാപാത്രങ്ങളുടെ സാധ്യതകളിലും കുറച്ചുകൂടി ആഴത്തിൽ പോയിരുന്നെങ്കിൽ സിനിമയ്ക്ക് മറ്റൊരു തലത്തിലേക്ക് എത്താൻ കഴിയുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
എന്റെ മറ്റൊരു നിരാശ — ഇത്രയും മികച്ച അഭിനേതാക്കൾക്ക് അവരുടെ കഴിവുകൾ പൂർണ്ണമായി പുറത്തെടുക്കാനുള്ള space സിനിമയിൽ കുറവായിരുന്നു എന്നതാണ്.
ജോജു ജോർജിനും, വിജയരാഘവനും, ഐശ്വര്യ ലക്ഷ്മിക്കും അവരുടെ അഭിനയമികവ് കൂടുതൽ പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള കൂടുതൽ ശക്തമായ രംഗങ്ങളും, കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി depth-ഉം ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി.അവർ മോശമായി അഭിനയിച്ചു എന്നല്ല.മറിച്ച്, ഇത്രയും കഴിവുള്ള അഭിനേതാക്കളിൽ നിന്ന് ഇതിലും കൂടുതൽ നമുക്ക് കിട്ടാമായിരുന്നു എന്ന തോന്നലാണ്.
ചില അഭിനേതാക്കൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ ഒരു വലിയ monologue പോലും ആവശ്യമില്ല. ഒരു നോട്ടം, ഒരു pause, ഒരു ചെറിയ expression — അത്രയും മതി.
അങ്ങനെയുള്ള moments ഈ സിനിമയിൽ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ…
“ആശ” ഒരുപക്ഷേ മറ്റൊരു അനുഭവമായേനെ.
ഒരു ഉർവശി ആരാധിക എന്ന നിലയിൽ എന്റെ ഏറ്റവും വലിയ പ്രതീക്ഷയും നിരാശയും അവിടെയാണ്.ഉർവശിയെ പോലൊരു നടിയെ മുന്നിൽ നിർത്തുമ്പോൾ പ്രേക്ഷകർക്ക് ചില പ്രതീക്ഷകളുണ്ടാകും. അത് വെറും കോമഡി പ്രതീക്ഷയല്ല.അവരുടെ timing, expressions, body language, natural humour, emotional depth, ചെറിയൊരു നോട്ടം കൊണ്ട് പോലും രംഗം സ്വന്തമാക്കുന്ന ആ പ്രത്യേക “ഉർവശി magic” — അതൊക്കെയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.അത് കുറച്ചുകൂടി സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ…
കുടുംബപ്രേക്ഷകർക്ക് “ആശ”യോട് കുറച്ചുകൂടി connect ചെയ്യാൻ കഴിയുമായിരുന്നില്ലേ എന്ന് തോന്നുന്നു.
സിനിമയുടെ seriousness നഷ്ടപ്പെടുത്താതെ തന്നെ, ഉർവശിയെന്ന നടിയുടെ സ്വാഭാവികമായ ആ charm-നും, ജോജുവിന്റെയും വിജയരാഘവന്റെയും അഭിനയശേഷിക്കും, ഐശ്വര്യ ലക്ഷ്മിയുടെ സാധ്യതകൾക്കും കുറച്ചുകൂടി space നൽകാമായിരുന്നു.
തിരക്കഥയിലും സംഭാഷണങ്ങളിലും പങ്കാളികളായ സഫർ സനാൽ, ജോജു ജോർജ്, രമേഷ് ഗിരിജ എന്നിവരോട് ഒരു പ്രേക്ഷകയുടെ ചോദ്യം മാത്രമാണിത് —
“ഇത്രയും നല്ല അഭിനേതാക്കളെയും ഇത്രയും സാധ്യതകളുള്ള ഒരു ആശയത്തെയും ഇനിയും കുറച്ചുകൂടി ശക്തമായ തിരക്കഥയിലൂടെ ഉയർത്തിക്കൊണ്ടുപോകാൻ കഴിയുമായിരുന്നില്ലേ”?
തീർച്ചയായും, മറ്റൊരാൾക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടേക്കാം. എന്റെ അഭിപ്രായത്തോട് പൂർണ്ണമായി വിയോജിക്കാനും കഴിയും.അതിനെ ഞാൻ ബഹുമാനിക്കുന്നു.കാരണം സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ അതാണ് —
ഒരേ സിനിമ, ഓരോ പ്രേക്ഷകനും ഓരോ അനുഭവംആയിരിക്കും .
അതുകൊണ്ട് വീണ്ടും പറയട്ടെ…
ഇത് ഒരു സിനിമാ നിരൂപണമല്ല.
സിനിമയെ തള്ളിപ്പറയാനുള്ള ശ്രമവുമല്ല.
വളരെ പ്രതീക്ഷയോടെ തീയേറ്ററിൽ കയറിയ ഒരു പ്രേക്ഷകയുടെ, അതിലും കൂടുതൽ ഒരു ഉർവശി ആരാധികയുടെ, സിനിമ കഴിഞ്ഞിറങ്ങിയപ്പോഴുണ്ടായ സത്യസന്ധമായ നിരാശ മാത്രം.
“ആശ”യിൽ ഞാൻ കണ്ടത് ഒരു മോശം ആശയമല്ല…
പക്ഷേ അതിനേക്കാൾ മികച്ചൊരു സിനിമയാകാനുള്ള വലിയൊരു സാധ്യത നഷ്ടപ്പെട്ടതിന്റെ നിരാശയാണ്.
