വെള്ളാപ്പള്ളിയോടുള്ള സമീപനം; CPIM സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി പ്രതിനിധികള്‍

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം . വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തില്‍ നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ കടന്നാക്രമണം നടത്തി എന്നാണ് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിയെ ചുമന്നത് പാര്‍ട്ടിക്ക് നാണക്കേടായി. സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ചകള്‍ പറ്റി എന്നാണ് കുറ്റപ്പെടുത്തല്‍. വിപുലീകൃത സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചും കടന്നാക്രമണം ഉണ്ടായി. നേരത്തെ തന്നെ ജില്ലാ സെക്രട്ടറിയേറ്റ് വിളിച്ച് ചേര്‍ത്ത് വ്യക്തികള്‍ക്കെതിരെ ചര്‍ച്ച ചുരുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

എംഎല്‍എയെ എന്തിന് സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കി നിലനിര്‍ത്തിയതിനതിരായി പ്രതിനിധികള്‍ ഉയര്‍ത്തിയ ചോദ്യം. വി ജോയിയുടെ പ്രവര്‍ത്തനത്തില്‍ പ്രതിനിധികള്‍ക്ക് അതൃപ്തി ഇല്ലെങ്കിലും എംഎല്‍എ ആയിരിക്കുന്നൊരാളെ സെക്രട്ടറി ആയി തുടരാന്‍ അനുവദിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആണ് വിമര്‍ശനമുയര്‍ത്തിയത്. എന്തു മാനദണ്ഡത്തിലാണ് വി ജോയിയെ സെക്രട്ടറിയാക്കിയതെന്നും തിരുവനന്തപുരത്ത് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയില്‍ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും പ്രതിനിധികള്‍ ചോദിച്ചു.
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോല്‍വി പാര്‍ട്ടി ഒരേ നിലയില്‍ തന്നെ കാണുമ്പോഴും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുന്ന രേഖയില്‍ തളിപ്പറമ്പിലെ തോല്‍വി ഇല്ല എന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ തോല്‍വി മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയായിരുന്നു തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടേത് എന്ത് നേതൃത്വം ആണെന്നും വിശാല സംസ്ഥാന സമിതിയില്‍ ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഐഎം ബിജെപി ഡീല്‍ ആരോപണം പ്രതിരോധിക്കാനായില്ലെന്നും സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തതയുണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

പറ്റിയ പിഴവുകള്‍ കൃത്യമായി പറഞ്ഞില്ലെന്നായിരുന്നു തിരുത്തല്‍ രേഖയ്‌ക്കെതിരെ അംഗങ്ങള്‍ ഉയര്‍ത്തിയ കടുത്ത വിമര്‍ശനം. കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ ഗൗരവം പോലും തെറ്റ് തിരുത്തല്‍ രേഖയ്ക്ക് ഇല്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പറ്റിയ പിഴവുകള്‍ എണ്ണിയെണ്ണി കേന്ദ്ര കമ്മിറ്റി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചതുപോലെയുള്ള സ്വയം വിമര്‍ശനം രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് ദുര്‍ബലം എന്നാണ് അംഗങ്ങള്‍ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനം.
