കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

ഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്‍. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണ് പുറത്തുവന്നത്.

ബംഗാളില്‍ ബിജെപി 286 കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവ് 42 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ കേരളത്തിലെ ഭരണം ലക്ഷ്യമിട്ട് വന്‍ തുക മുടക്കിയെന്നതാണ് പുറത്തുവരുന്ന കണക്കുകള്‍ തെളിയിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രധാനമായും ശ്രദ്ധ നല്‍കിയിരുന്നത് കേരളത്തിനായിരുന്നു. 10 വര്‍ഷം ഭരണത്തില്‍ നിന്ന് മാറിനിന്ന കോണ്‍ഗ്രസിന് കേരളത്തിലേത് ജീവന്മരണ പോരാട്ടം കൂടിയായിരുന്നു.
അഞ്ച് തിരഞ്ഞെടുപ്പുകള്‍ക്കുമായി കോണ്‍ഗ്രസ് ആകെ ചെലവിട്ടത് 249 കോടി രൂപയാണ്. ഇതിലെ 45 ശതമാനം തുകയും വിനിയോഗിച്ചത് കേരളത്തില്‍ മാത്രമാണ്. അതേസമയം ബിജെപി തങ്ങള്‍ ആകെ ചെലവഴിച്ച തുകയില്‍ പകുതിയിലേറെ തുകയും ചെലവിട്ടത് ബംഗാളിലാണ്. ബംഗാള്‍- 286 കോടി, അസം- 96.26 കോടി, കേരളം -82.67 കോടി, തമിഴ്നാട് -51.56 കോടി, പുതുച്ചേരി- 11.89 കോടി രൂപ എന്നിങ്ങനെയാണ് ബിജെപി അഞ്ച് സംസ്ഥാനങ്ങളില്‍ ചെലവിട്ട തുകയുടെ കണക്ക്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധികളുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ പണം ചെലവഴിക്കാവുന്നതാണ്. ഓരോ തിരഞ്ഞെടുപ്പിനു ശേഷവും, യാത്ര, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയ്ക്കായി നടത്തിയ ചെലവുകള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ പാര്‍ട്ടികള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
