മെസിയുടെ അവസാന മത്സരത്തിന് ഒരുങ്ങി അര്‍ജന്റീന; ഇതിഹാസ താരം പരിശീലന ക്യാമ്പിലേക്കെത്തിയ ചിത്രങ്ങള്‍ പുറത്ത്

ബ്യൂണസ് ഐറിസ്: ദേശീയടീമിലെ തന്റെ അവസാന മത്സരത്തിനായി അര്‍ജന്റീനയുടെ പരിശീലന ക്യാമ്പിലേക്ക് എത്തി ലയണല്‍ മെസി. നാളെ പടിഞ്ഞാറന്‍ ആഫ്രിക്ക രാജ്യമായ ബെനിന്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. 2026-ഫിഫ ലോക കപ്പിലെ ഫൈനല്‍ മത്സരത്തിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന മെസ്സി ബെനിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തോടെ ദേശീയ ടീമിനോട് വിടപറയാന്‍ തീരുമാനിക്കുകയായിരുന്നു.

മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിലെത്തുന്ന മെസിയുടെ ചിത്രങ്ങള്‍ അര്‍ജന്റീന ദേശീയ ടീം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ‘തിരികെ സ്വാഗതം, ക്യാപ്റ്റന്‍! ഈ നിമിഷം ശരിക്കും ഹൃദയസ്പര്‍ശിയാണ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ മെസ്സിയെ പരിശീലന ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.
മെസിയുടെ വിടവാങ്ങൽ മത്സരം ബുധാനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് നടക്കുന്നത്. ബെനിനെതിരെ നടക്കുന്ന മത്സരത്തിൽ സ്വർണ്ണ നിറത്തിൽ പേരെഴുതിയ പ്രത്യേക ജേഴ്സിയണിഞ്ഞാകും മെസ്സി കളത്തിലിറങ്ങുക. അച്ഛന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് മുപ്പത്തിയൊന്നിനായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇതിഹാസ താരത്തിന് അര്‍ഹമായ യാത്രയപ്പ് നല്‍കാനാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബെനിനെതിരായ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

