സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനും, ഇത് വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് മഴ കൂടുതൽ ശക്തിപ്രാപിക്കാനുമാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

