ഫാമില്‍ നിന്ന് നേരിട്ട് മേശയിലേക്ക്: ആതവനാട് മുട്ടകള്‍ ‘പോഷണ്‍’ ബ്രാന്‍ഡില്‍ വിപണിയില്‍

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത സംരംഭമായ ആതവനാട് ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന മുട്ടകളുടെ വില്‍പനയ്ക്കായി സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ആരംഭിച്ച മുട്ട വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ആതവനാട് മുട്ടകള്‍ ഇനി ‘പോഷണ്‍’ എന്ന ബ്രാന്‍ഡിലാണ് വിപണിയിലെത്തുന്നത്. ചടങ്ങില്‍ ബ്രാന്‍ഡിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ആദ്യ മുട്ട പാക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുഷ്) ഡോ. ബിന്ദു ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആതവനാട് ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എ. സവിത പദ്ധതി വിശദീകരണം നടത്തി. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഗ്രാമശ്രീ കോഴികളില്‍ നിന്നുള്ള തവിട്ടുനിറമുള്ളതും പോഷക സമൃദ്ധവുമായ ഗുണമേന്മയുള്ള മുട്ടകള്‍ ന്യായവിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മുതല്‍ ഈ വിപണന കേന്ദ്രത്തില്‍ മുട്ടകള്‍ ലഭ്യമാകും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ജെയ്‌സല്‍ എളമരം, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.എ. ആര്‍. ഷാലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാജി പാച്ചേരി, റെയ്ഹാനത്ത് കുറുമാടന്‍, ജാസ്മിന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കോശി അലക്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇതിനോടനുബന്ധിച്ച് വെറ്ററിനറി സര്‍ജന്‍മാരായ ഡോ. വസീം, ഡോ. ഹര്‍ഷ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസും നടന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. നന്ദകുമാര്‍ സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി. മുജീബ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
