ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് BYD ഡെൻസ; Z9 GT അവതരിപ്പിച്ചു

ഇന്ത്യൻ ആഡംബര ഇലക്ട്രിക് കാർ വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ചൈനീസ് വാഹന നിർമാതാക്കളായ BYD-യുടെ പ്രീമിയം ബ്രാൻഡായ ഡെൻസ. കമ്പനിയുടെ അത്യാധുനിക ഇലക്ട്രിക് സ്പോർട്സ് കാർ ആയ ഡെൻസ Z9 GT ഇന്ത്യയിൽ അവതരിപ്പിച്ചു. 1.57 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഇന്ത്യൻ വിപണിയിലേക്കുള്ള ഡെൻസയുടെ ഔദ്യോഗിക പ്രവേശനത്തിന്റെ ഭാഗമായാണ് Z9 GT അവതരിപ്പിച്ചത്.ഗുരുഗ്രാം, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡെൻസയുടെ ഷോറൂമുകൾ ആരംഭിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തിൽ സാധാരണ സെഡാനുകളിൽ നിന്നും എസ്യുവികളിൽ നിന്നും ഏറെ വ്യത്യസ്തമാണ് Z9 GT. ഷൂട്ടിങ് ബ്രേക്ക് ഡിസൈനിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. പെർഫോമൻസിന്റെ കാര്യത്തിലാണ് Z9 GT ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്തേകുന്നത്. മുൻവശത്ത് ഒരു മോട്ടോറും പിൻവശത്ത് രണ്ട് മോട്ടോറുകളുമാണുള്ളത്. ഇവ സംയുക്തമായി 1,156 bhp കരുത്തും 1,210 Nm ടോർക്കും ഉത്പാദിപ്പിക്കും. ഓൾ വീൽ ഡ്രൈവ് സംവിധാനമുള്ള വാഹനത്തിന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.7 സെക്കൻഡ് മതി. മണിക്കൂറിൽ 270 കിലോമീറ്ററാണ് പരമാവധി വേഗത.
ബാറ്ററിയുടെ കാര്യത്തിലും Z9 GT ഏറെ മുന്നിലാണ്. 122.5 kWh ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 670 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. NEDC ടെസ്റ്റിങ് സൈക്കിളിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റേഞ്ച്. അതിവേഗ ചാർജിങ് സംവിധാനവും വാഹനത്തിന്റെ പ്രത്യേകതയാണ്. അനുയോജ്യമായ 1,500 kW ചാർജിങ് സംവിധാനത്തിൽ 10 ശതമാനത്തിൽ നിന്ന് 97 ശതമാനം വരെ ചാർജ് ചെയ്യാൻ ഒൻപത് മിനിറ്റ് മതിയാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വാഹനത്തിന്റെ അകത്തളത്തിൽ 17.3 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീൻ, 13.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുൻവശത്തെ യാത്രക്കാർക്കായി പ്രത്യേക സ്ക്രീൻ എന്നിവ നൽകിയിട്ടുണ്ട്. 20 സ്പീക്കറുകളുള്ള Devialet സൗണ്ട് സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നിവയും ക്യാബിനിലെ ആഡംബരത്തിന് മാറ്റുകൂട്ടുന്നു. മുൻവശത്തെയും പിൻവശത്തെയും സീറ്റുകളിൽ ഹീറ്റിങ്, വെന്റിലേഷൻ, മസാജ് സംവിധാനങ്ങൾ ലഭ്യമാണ്. പവർഡ് ഡോറുകൾ, സോഫ്റ്റ് ക്ലോസ് സംവിധാനം, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയവയും വാഹനത്തിലുണ്ട്.
Z9 GT-യിലെ ഏറ്റവും കൗതുകകരമായ സാങ്കേതികവിദ്യകളിലൊന്നാണ് റിയർ വീൽ സ്റ്റിയറിങ് സംവിധാനം. പിൻചക്രങ്ങൾക്ക് 15 ഡിഗ്രി വരെ തിരിയാൻ കഴിയുന്നതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം എളുപ്പത്തിൽ നിയന്ത്രിക്കാനാകും. ക്രാബ് വാക്ക് സംവിധാനത്തിലൂടെ വശങ്ങളിലേക്ക് നീങ്ങാനും 360 ഡിഗ്രി ടേൺ നടത്താനും വാഹനത്തിന് സാധിക്കും. പാർക്കിങ് പോലുള്ള സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്.
സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനങ്ങളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒൻപത് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് പാർക്കിങ് അസിസ്റ്റ് എന്നിവയ്ക്കൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമായ ADAS-ഉം ലഭ്യമാണ്. BYD-യുടെ നിലവിലുള്ള വാഹനനിരയ്ക്ക് മുകളിലായി ആഡംബര വിഭാഗത്തിൽ ഇടംപിടിക്കാനാണ് ഡെൻസയുടെ ലക്ഷ്യം.
