“അവകാശങ്ങളറിയാം, ആത്മവിശ്വാസത്തോടെ വളരാം”: ശിശുദിന വാരാഘോഷത്തിന് തുടക്കമായി

കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ഗവ. ചിൽഡ്രൻസ് ഹോം തവനൂർ, എൻട്രി ഹോം ഫോർ ഗേൾസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിൽ സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷത്തിന് തുടക്കമായി. വാരാഘോഷത്തിന്റെ പ്രചാരണാർത്ഥമുള്ള പോസ്റ്റർ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ പ്രകാശനം ചെയ്തു. ‘അവകാശങ്ങളറിയാം. ആത്മവിശ്വാസത്തോടെ വളരാം’ എന്ന സന്ദേശം മുൻനിർത്തി നവംബർ 14 ദേശീയ ശിശുദിനം മുതൽ നവംബർ 20 അന്തർദേശീയ ശിശുദിനം വരെയാണ് വാരാഘോഷം. ‘ബാല വസന്തം 2026’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ ഉദ്ഘാടനം ഇന്ന് (നവംബർ 14) രാവിലെ 10.30-ന് തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ വി.എസ് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർപേഴ്സൺ എ മമ്മു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ഷാജേഷ് ഭാസ്കർ മുഖ്യാതിഥിയാകും. തുടർന്ന് കുട്ടികൾക്കായി ക്ലേ മോഡലിങ്, ശിശുദിന റാലി, നാടൻ പാട്ട്, പാവ നാടകം, ബാല പാർലമെന്റ്, കലാ-കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
വാരാഘോഷത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ കുട്ടികളുടെ പങ്കാളിത്തവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നടക്കും. നവംബർ 15-ന് തവനൂർ ഗവ. ചിൽഡ്രൻസ് ഹോം ടർഫിൽ വെച്ച് ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സി.സി.ഐ ഫുട്ബോൾ ചാമ്പ്യൻഷിപ്പും വടംവലി മത്സരവും നടക്കും. നവംബർ 16-ന് മാസ് റെയിൽവെ അവബോധ പരിപാടിയും 17-ന് ഐ.ജി.എം.എം.ആർ സ്കൂളിലെ കുട്ടികൾക്കായി പ്രത്യേക ലൈഫ് സ്കിൽ പരിശീലന പരിപാടിയും നടക്കും. നവംബർ 18-ന് ജില്ലാ പൊലീസ് മേധാവിയുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരമൊരുക്കുന്ന ‘പറയാം അറിയാം – ജില്ലാ പൊലീസ് മേധാവിയുടെ കൂടെ’ എന്ന പരിപാടി സംഘടിപ്പിക്കും. നവംബർ 19-ന് താനൂർ എം.എൽ.എയുമായി കുട്ടികൾ സംവദിക്കുന്ന ‘മനസ്സ് തുറന്ന് കുട്ടികൾക്കൊപ്പം’ എന്ന പരിപാടിയും നടക്കും. നവംബർ 20-ന് അന്തർദേശീയ ശിശുദിനത്തോടനുബന്ധിച്ച് മലപ്പുറം ടൗണിൽ നടക്കുന്ന പൊതുപരിപാടിയോടെ വാരാഘോഷത്തിന് സമാപനമാകും.

