പ്രസവം കഴിഞ്ഞ് 14ാം ദിവസം സിവില്‍ സര്‍വീസ് മെയിൻസ് പരീക്ഷ; അവസാന ശ്രമത്തില്‍ 45ാം റാങ്ക് തിളക്കത്തില്‍ മാളവിക


മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരത്തില്‍ 45ാം റാങ്കിന്‍റെ നേട്ടത്തില്‍ മലയാളിയായ മാളവിക ജി നായര്‍.ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക 2019-20 ഐആര്‍എസ് ബാച്ചില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരുന്നതിനിടെയാണ് സ്വപ്നസാക്ഷാത്കാരമായി സിവില്‍ സര്‍വീസ് നേട്ടം. ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നന്ദഗോപനാണ് മാളവികയുടെ ഭര്‍ത്താവ്.

റാങ്ക് കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദിയുണ്ടെന്നും വീട്ടുകാരുടെയും ഭര്‍ത്താവിന്‍റെയും പിന്തുണ വളരെ വലുതായിരുന്നുവെന്നും എല്ലാവരുടെയും സഹായം കൊണ്ടാണ് വിജയിക്കാനായതെന്നും മാളവിക പറഞ്ഞു. ഇത്തവണ പരീക്ഷക്ക് ഒരുങ്ങുമ്ബോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. പ്രസവം കഴിഞ്ഞ് 14ാം ദിവസമാണ് സിവില്‍ സര്‍വീസ് മെയിൻസ് പരീക്ഷ എഴുതിയത്.

പരീക്ഷക്ക് ഒരുങ്ങുമ്ബോഴും പോയി എഴുതുമ്ബോഴുമെല്ലാം വീട്ടുകാര്‍ കുഞ്ഞിനെ നോക്കി വളരെയധികം പിന്തുണ നല്‍കി. പലപ്പോഴും പഠിക്കാനൊന്നും സമയം കിട്ടാതിരുന്നപ്പോള്‍ ഭര്‍ത്താവ് ആണ് മോക്ക് ഇന്‍റര്‍വ്യുവൊക്കെ നടത്തിയത്. ഐഎഎസിനുള്ള അവസാന അവസരമായിരുന്നു. അതില്‍ തന്നെ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു. ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക ഭര്‍ത്താവിനൊപ്പം മലപ്പുറം മഞ്ചേരിയിലാണ് കഴിയുന്നത്. മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് നന്ദഗോപൻ.