ജീവിത നിലവാര സൂചിക: അറബ് മേഖലയില്‍ ഒന്നാമതും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തര്‍
ദോഹ: അമേരിക്കൻ മാഗസിൻ സിഇഒവേള്‍ഡ്(CEOWORLD) പ്രസിദ്ധീകരിച്ച 2025ലെ ജീവിത നിലവാര സൂചികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ എട്ടാം സ്ഥാനവും നേടി ഖത്തർ.ലോകമെമ്ബാടുമുള്ള 2,58,000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയത്.
ഖത്തർ 96.66 പോയിന്റുകളാണ് നേടിയത്. 98 പോയിന്റുകളുമായി മൊണാക്കോ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ലിച്ചെൻസ്റ്റൈൻ രണ്ടാം സ്ഥാനത്തും ലക്സംബർഗ് മൂന്നാം സ്ഥാനത്തുമാണ്. അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, നോർവേ, സിംഗപ്പൂർ എന്നിവർ നാല് മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളില്‍ എത്തി. അമേരിക്ക ഖത്തറിന് പിറകില്‍ ഒമ്ബതാം സ്ഥാനത്താണ്. ബുറുണ്ടിയാണ് പട്ടികയില്‍ ഏറ്റവും താഴെ. പട്ടികയിലുള്ള 199 രാജ്യങ്ങളെ 10 മെട്രിക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. ഇതില്‍ താങ്ങാവുന്ന വില, സാമ്ബത്തിക സ്ഥിരത, കുടുംബ സൗഹൃദം, തൊഴില്‍ വിപണി, വരുമാന സമത്വം, രാഷ്ട്രീയ നിഷ്പക്ഷതയും സ്ഥിരതയും, സുരക്ഷ, സാംസ്കാരിക സ്വാധീനം, പൊതുവിദ്യാഭ്യാസ സമ്ബ്രദായം, പൊതുജനാരോഗ്യ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു.
അറബ് മേഖലയില്‍ യുഎഇ രണ്ടാം സ്ഥാനത്തും ലോകത്ത് 26ാം സ്ഥാനത്തുമാണ്. സൗദി അറേബ്യ ഗള്‍ഫ് മേഖലയില്‍ മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 40ആം സ്ഥാനത്തുമാണ്. 60.81 പോയിന്റുകളോടെ ഇന്ത്യ 145ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 167 ഉം ബംഗ്ലാദേശ് ഇന്ത്യയുടെ തൊട്ട് മുമ്ബിലുമാണ്. ഏഷ്യയില്‍ ഒന്നാമത് സിംഗപ്പൂരും രണ്ടാമത് ഖത്തറും ആണ്.