വനിതാ പൈലറ്റുമാര്‍, ബ്രഹ്മോസ്; കൊല്ലപ്പെട്ടത് 170ഓളം പാക് തീവ്രവാദികള്‍, ഓപ്പറേഷൻ സിന്ദൂറില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
ദില്ലി: ഓപ്പറേഷൻ സിന്ദൂറിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഉന്നത പ്രതിരോധ വൃത്തങ്ങള്‍. ഓപ്പറേഷന്റെ സ്വഭാവവും വ്യാപ്തിയും പാകിസ്ഥാൻ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയുമാണ് പുതിയ വെളിപ്പെടുത്തലില്‍ പുറത്തുവന്നത്.ഉയർന്ന തീവ്രതയുള്ള അർദ്ധരാത്രി ഓപ്പറേഷനില്‍ നിരവധി ഇന്ത്യൻ വനിതാ പൈലറ്റുമാർ പങ്കെടുത്തു. 170 ലധികം തീവ്രവാദികളെയാണ് ഇല്ലാതാക്കിയത്. പ്രധാന തീവ്രവാദ കേന്ദ്രമായ ബഹവല്‍പൂരിലാണ് പരമാവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതെന്നും വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്ഥാൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ബ്രഹ്മോസ് മിസൈലുകള്‍ അയച്ചു. ബ്രഹ്മോസ് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തി. നിരവധി വ്യോമതാവളങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ആസൂത്രണം ചെയ്ത എല്ലാ ലക്ഷ്യങ്ങളിലും സൈന്യമെത്തിയെന്നും പറയുന്നു. ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യയ്ക്ക് 7 സൈനികരെ നഷ്ടപ്പെട്ടപ്പോള്‍, ഇന്ത്യൻ ആക്രമണങ്ങളില്‍ 42 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.
മുഖം രക്ഷിക്കാൻ പാകിസ്ഥാൻ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും. നമ്മുടെ സേനയോട് സജ്ജരായിരിക്കാൻ പറഞ്ഞിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു.
2017-ല്‍ ചൈനയുമായുള്ള ഡോൿലാം സംഘർഷത്തിന് ശേഷം എടുത്ത തന്ത്രപരമായ തീരുമാനങ്ങളാണ് ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് കാരണമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഉണ്ടായ കനത്ത നഷ്ടങ്ങളും പൊതുജന നാണക്കേടും കണക്കിലെടുത്ത്, കരസേനാ മേധാവി ജനറല്‍ അസിം മുനീറിനെ ഫീല്‍ഡ് മാർഷലായി സ്ഥാനക്കയറ്റം നല്‍കാനുള്ള പാകിസ്ഥാൻ തീരുമാനത്തെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നും വൃത്തങ്ങള്‍ വിശേഷിപ്പിച്ചു.