നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടല്‍ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത വേണം


തിരുവന്തപുരം: കേരളത്തിലെ വിവിധ തീരപ്രദേശങ്ങളില്‍ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തീരങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്ബാല മുതല്‍ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ), കാസര്‍കോട് (കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളില്‍ 30/05/2025 വൈകുന്നേരം 05.30 വരെ 1.2 മുതല്‍ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്ത് 30/05/2025 രാത്രി 8.30 വരെ 3.2 മുതല്‍ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള – കർണാടക തീരങ്ങളില്‍ ( ഇന്ന് മുതല്‍ 01/06/2025 വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ 02/06/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത ഇങ്ങനെ:
റെഡ് അലർട്ട്
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്ബം മുതല്‍ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെ
ഓറഞ്ച് അലർട്ട്
മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്ബാല മുതല്‍ രാമനാട്ടുകര വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെ
കണ്ണൂർ: വളപട്ടണം മുതല്‍ ന്യൂമാഹി വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (റെഡ് അലർട്ട്) 30/05/2025 രാത്രി 8.30 വരെ 3.5 മുതല്‍ 3.7 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.
• കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
• ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
• കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
• INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
• മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
• ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
• തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.