Fincat

‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’; ശിവന്‍കുട്ടിക്കെതിരെ കെ സുരേന്ദ്രന്‍

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ലയെന്നും മന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. തീകൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

‘കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരം. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിര്‍ത്തുന്നതാണ് നല്ലത്’, കെ സുരേന്ദ്രന്‍ പറഞ്ഞു.

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ ഗവർണർ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തതാണ് ഒടുവില്‍ വിവാദമായത്.

സംഭവത്തില്‍ ഇന്നലെ രാത്രി മന്ത്രിയുടെ പാപ്പനംകോട് ഓഫീസിന് നേരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബിജെപി പാപ്പനംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഭാരതാംബയെ അവഹേളിച്ച മന്ത്രി രാജിവെയ്ക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി പുഷ്പാര്‍ച്ചന നടത്തി. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെത്തുര്‍ന്ന് സ്ഥലത്ത് പിന്നീട് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.

മറുപടിയായി മന്ത്രിയുടെ ഓഫിസില്‍ നിന്ന് സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യവും വിളിച്ചിരുന്നു. ശിവന്‍കുട്ടിക്ക് അഭിവാദ്യങ്ങള്‍ എന്ന കൂറ്റന്‍ ഫ്‌ളക്‌സ് സിപിഐഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. ഒരു വര്‍ഗീയവാദികള്‍ക്ക് മുന്നിലും കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച ശിവന്‍കുട്ടി കേരളത്തിന്റെ അഭിമാനമെന്നായിരുന്നു ഫ്‌ലക്‌സില്‍ ഉണ്ടായിരുന്നത്.