പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്, ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും, ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്


ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിർത്തല്‍ നിലവില്‍ വന്നതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല.ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ്
റിപ്പോർട്ട്. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറില്‍ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങള്‍ വിലയിരുത്തി. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനില്‍ വൻ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖംനഇയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.
ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.

വെടിനിർത്തല്‍ നിലവില്‍ വന്നതോടെ ഇറാനുമായി കൂടുതല്‍ ചർച്ചയ്ക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോർജ്ജ സമിതി. വ്യോമപാത അടച്ചതിനെ തുടർന്ന് നിർത്തിയ സർവ്വീസുകള്‍ പുനസ്ഥാപിച്ച്‌ തുടങ്ങിയെങ്കിലും അപ്രതീക്ഷിത തടസ്സങ്ങള്‍ 2 ദിവസത്തേക്ക് കൂടി തുടരുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്ന് ഇറാൻ. ഇറാനോട് സാഹസം കാണിച്ചാല്‍ പിഴ വളരെ വലുതാണെന്ന സന്ദേശം ലോകം കണ്ടു. സ്ഥിരതയിലും സഹവർത്തിത്വത്തിലും ആണ് വിശ്വാസമെന്ന് മേഖലയിലെ മറ്റു രാഷ്ട്രങ്ങളോട് ഇറാൻ പ്രസിഡന്റ്. ഇറാന്റെ കരുത്തും പ്രതിരോധ ശേഷിയും സഹോദര രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയും തുടരും.
വെടിനിർത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ താല്‍കാലികമായി നിർത്തിയെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹെല്‍പ്പ് ഡെസ്ക്കിൻ്റെ സേവനം താല്‍കാലികമായി മരവിപ്പിച്ചു. നിലവില്‍ രജിസ്റ്റർ ചെയ്തവർ അവരവരുടെ സ്ഥലങ്ങളില്‍ തുടരാനും എംബസി നിർദേശിച്ചു. ഇതിനിടെ ഇന്നലെ രാത്രി ഇറാനില്‍ നിന്നും 282 ഇന്ത്യക്കാരെ കൂടി നാട്ടില്‍ എത്തിച്ചു. രാത്രി 12 മണിക്കാണ് മഷദില്‍ നിന്നുള്ള വിമാനം ദില്ലിയില്‍ എത്തിയത്. ഇതോടെ ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനില്‍ നിന്നും ഒഴിപ്പിച്ച്‌ നാട്ടില്‍ എത്തിച്ചവരുടെ എണ്ണം 2858 ആയി.