ജെ.എസ്.കെ സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; സെൻസര്‍ ബോര്‍ഡിനോട് വിശദീകരണം തേടി ഹൈകോടതി


കൊച്ചി: കൊച്ചി: ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു.സൂക്ഷ്മ പരിശോധനക്കായി സെൻസർ ബോർഡിന്‍റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടർന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെ തുടർന്ന് നിർമാതാക്കള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നല്‍കാൻ നിർദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്. ഓരോ ദിവസവും റിലീസിങ് തിയതി നീട്ടിവെക്കുമ്ബോള്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

ജൂണ്‍ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്ത ജാനകി വി/എസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാമനുമതി നിഷേധിച്ചത്. ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ജാനകി എന്നും സിനിമയുടെ പേരും കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം. എന്നാല്‍ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്.

വിഷയവുമായി ഫെഫ്ക (ഫിലിം എംേപ്ലായീസ് ഫെഡറേഷൻ ഓഫ് കേരള) പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. സിനിമയുടെ പേര് മാത്രമല്ല ജാനകി എന്ന കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്.

വളരെ ഗുരുതരമായ പ്രശ്നമാണിത്. സിനിമക്ക് പേര് ഇടാൻ പറ്റില്ലേ? എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്? കഥാപാത്രങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഏതെങ്കിലും ദൈവത്തിന്‍റെ പേരായിരിക്കുമെന്നും തനിക്ക് സ്വന്തം പേര് പോലും സിനിമയില്‍ ഉപയോഗിക്കാൻ പറ്റില്ലേയെന്നും അദ്ദേഹം ചോദിച്ചു.

വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

കോസ്‌മോസ് എന്‍റർടൈൻമെന്‍റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് സിനിമയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.