നിയമസഭ ഡൈനിങ് ഹാള്‍ നവീകരിക്കാൻ ചിലവ് 7.40 കോടി; മന്ത്രിസഭ ഭരണാനുമതി നല്‍കി


തിരുവനന്തപുരം: സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കേരള നിയമസഭാ മന്ദിരത്തിന്റെ സില്‍വർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോടികള്‍ ചിലവിട്ട് നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിംഗ് ഹാള്‍ നവീകരിക്കുന്നു.നവീകരണ പ്രവർത്തികള്‍ക്ക് ഇന്ന് ചേർന്ന മന്ത്രിസഭയോഗം 7,40,40,000 രൂപയുടെ ഭരണാനുമതി നല്‍കി. അക്രെഡിറ്റഡ് ഏജൻസി മുഖേന നോണ്‍ പി.എം.സി.യായാണ് പ്രവൃത്തി നിർവഹിക്കുക.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികള്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്‌ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്.

കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജില്‍ കോർപറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിന്റെ ഒരു നിലയില്‍ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപറേഷന് മന്ത്രിസഭ അനുമതി നല്‍കി.

കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് നമ്ബർ 183 ലെ കൊല്ലം കോർപ്പറേഷൻ്റെ 3 ഏക്കർ 91 സെന്റ് ഭൂമിയില്‍ ഒരു ഇൻഡഗ്രേറ്റഡ് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് (കൊമേഴ്ഷ്യല്‍) പ്രോജക്‌ട് ആരംഭിക്കും. നിർമാണപ്രവൃത്തികള്‍ക്കായി കെ.എസ്.ഐ.ടി.ഐ.എല്ലിനെ സ്പെഷ്യല്‍ പർപ്പസ്സ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തില്‍ ഭരണാനുമതി നല്‍കി.

കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചില്‍ എച്ച്‌.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകള്‍, എച്ച്‌.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകള്‍ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്‌.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി.