കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; ചാലിയാറില്‍ ശക്തമായ കുത്തൊഴുക്ക്, മൃതദേഹം മറുകരയിലെത്തിക്കാനുള്ള ശ്രമം ദുഷ്കരം
മലപ്പുറം: മലപ്പുറം പോത്തുകല്ലിന് സമീപം വാണിയമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമം. അതേസമയം, ചാലിയാറില്‍ കനത്ത കുത്തൊഴുക്ക് തുടരുന്നതിനാല്‍ ദൗത്യം ദുഷ്കരമാക്കുകയാണ്.
ഇന്നലെ രാവിലെ കൂണ്‍ ശേഖരിക്കാൻ പോയപ്പോഴാണ് ബില്ലിയിലെ കാട്ടാന ആക്രമിച്ചത്. ഇന്നലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ചാലിയാർ പുഴയില്‍ അഗ്നിരക്ഷാസേന സംഘം ഒഴുക്കില്‍പ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം മാറ്റാനുള്ള രാത്രിയിലെ ശ്രമം ഉപേക്ഷിച്ചത്.
ചാലിയാറില്‍ ഇന്നും ശക്തമായ കുത്തൊഴുക്ക് തുടരുന്നുണ്ട്. ഇതിനാല്‍ തന്നെ പുഴ കടന്ന് മൃതദേഹം പുറത്തെത്തിക്കാനുള്ള ദൗത്യം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ഇന്നലെ സംഭവം നടന്നപ്പോള്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പൊലീസിന് സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയുടെ മറുകരയിലുള്ള ആദിവാസി ഉന്നതിയിലേക്ക് പോകാൻ ചാലിയാര്‍ പുഴ മുറിച്ചു കടക്കണം. പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അടക്കം ഈ പ്രദേശങ്ങളിലുള്ള ആദിവാസികളടക്കം ചങ്ങാടത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതില്‍ പങ്കാളികളായിരുന്നു.